ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് നിര  ദക്ഷിണാഫ്രിക്കയുടേതെന്ന് മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത്. ഇക്കുറി ടെംബ ബാവുമയുടെ നേതൃത്വത്തില്‍ ടീം കിരീടം നേടുമെന്നാണ് സ്മിത്ത് വിശ്വസിക്കുന്നത്

ലോകകിരീടമെന്ന സ്വപ്നം ദക്ഷിണാഫ്രിക്ക ഇത്തവണ ഉറപ്പായും സ്വന്തമാക്കുമെന്നാണ് മുന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന്റെ വിശ്വാസം. ടൂര്‍ണമെന്റില്‍ ടീമിന്റെ പ്രകടനം ഏറ്റവും മികച്ചതാണ്, കിരീടം നേടി മാത്രയേ ഈ ജൈത്രയാത്ര ടീം അവസാനിപ്പിക്കൂ എന്നാണ് പ്രതീക്ഷ സ്മിത്ത് പറഞ്ഞു. ബാറ്റിങ്ങാണ് ടീമിന്റെ കരുത്തെന്ന് വിശേഷിപ്പിച്ച താരം ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് ടീമിനുള്ളതെന്നും വിശേഷിപ്പിച്ചു. എയ്ഡന്‍ മാര്‍ക്രം, ഹെന്‍‍റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. ലോകകപ്പില്‍ സ്വന്തന്ത്രമായി ബാറ്റുവീശാനാകുന്നതാണ് ദക്ഷിണാഫ്രിക്കയുടെ പ്ലസെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു. നിലവിലെ ക്യാപ്റ്റന്‍ ടെംബ ബാവുമയെ പറ്റിയുടെ സ്മിത്തിന് പറയാനേറെ. മികച്ച രീതിയിലാണ് ബാവുമ ടീമിനെ നയിക്കുന്നത്. തിരിച്ചടികളില്‍ പതറുന്ന ക്യാപ്റ്റനല്ല മറിച്ച് തിരിച്ചടികളില്‍ നിന്ന് പഠിക്കുന്ന ക്യാപ്റ്റനാണ് ബാവുമയെന്ന് സ്മിത്ത് അഭിപ്രായപ്പെട്ടു. രാജ്യത്ത് കായിക രംഗത്തിന് വലിയ കുതിപ്പാകും ദക്ഷിണാഫ്രിക്കന്‍ ടീം കിരീടം നേടിയാലെന്നും സ്മിത്ത് പറഞ്ഞു. റഗ്ബി ടീം അടുത്തിടെയാണ് വിശ്വകിരീടം നാട്ടിലേക്കെത്തിച്ചത്, അതിന്റെ തുടര്‍ച്ചയായി ക്രിക്കറ്റ് കിരീടം കൂടെ എത്തിയാല്‍ യുവ തലമുറയ്ക്ക് വലിയ ആവേശമാകും. ദക്ഷിണാഫ്രിക്കന്‍ ടീമിനെ 108 ടെസ്റ്റിന്‍ നയിച്ച നായകനാണ് സ്മിത്ത്. ഇന്ത്യയ്ക്കെതിരെയുള്ളതാകും ദക്ഷിണാഫ്രിക്കയുടെ ഈ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ മല്‍സരമെന്നും സ്മിത്ത് പറഞ്ഞു