ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി എത്തിയത് വലിയ അംഗീകാരവും ആത്മവിശ്വാസവും പകരുന്നതായിരുന്നുവെന്ന് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. കളിക്കാര്‍ക്ക് അത് നല്‍കിയ ആത്മവിശ്വാസവും പ്രചോദനവും ചെറുതല്ല. രാജ്യത്തിന്‍റെ പ്രധാനമന്ത്രി നേരിട്ടെത്തി ആശ്വസിപ്പിക്കുമ്പോള്‍ അത് നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും താരം പറയുന്നു.   

 

ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ടീം ഇന്ത്യയെ ഡ്രസിങ് റൂമിലെത്തി പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വിവാദങ്ങളും എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെല്ലാം ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.  ഫൈനല്‍ വരെ തോല്‍ക്കാതെ, ലോകകപ്പിലെ കൂടുതല്‍ റണ്‍‌സും വിക്കറ്റും നേടിയ വിരാട് കോലിയും മുഹമ്മദ് ഷമിയും ഉള്‍പ്പെടുന്ന ടീം ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഡ്രസിങ് റൂമിലെത്തി താരങ്ങളെ ആശ്വസിപ്പിച്ചത്. കിരീടനഷ്ടത്തിന്‍റെ ദുഃഖഭാരത്താല്‍ തലകുനിച്ച താരങ്ങളെ ഓരോരുത്തരെയായി പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മുഹമ്മദ് ഷമിയെ പ്രധാനമന്ത്രി നെഞ്ചോട് ചേര്‍ക്കാനും മറന്നില്ല.

 

ഇതിന് പിന്നാലെ മോദിയെ ഉന്നമിട്ടും പരിഹസിച്ചും വിമര്‍ശനങ്ങളും ഉയര്‍ന്നു. മോദി കളി കാണാന്‍ എത്തിയത് കൊണ്ടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടതെന്നും മോദി അപശകുനമാണ് എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പിന്നാലെ മോദിയുടെ ഡ്രസിംങ് റൂം സന്ദര്‍ശനത്തെ വിമര്‍ശിച്ച് ടിഎംസിയും ശിവസേനയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നരേന്ദ്ര മോദിയെ ഉന്നമിട്ട് മമത ബാനര്‍ജിയുടെ പ്രതികരണവുമെത്തി. പാപികള്‍ കളി കാണാന്‍ എത്തിയതിനാല്‍ പരാജയം ഉണ്ടായി എന്നാണ് മമത പറഞ്ഞത്.

Mohammed Shami on PM Narendra Modi's visit after world cup final