ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങി. ‘കുടുംബപരമായ അത്യാവശ്യം’ എന്നാണ് തിരിച്ചുപോകാനുള്ള കാരണമായി കോലി ബിസിസിഐയെ അറിയിച്ചത്. സെഞ്ചൂറിയനില്‍ ചൊവ്വാഴ്ച തുടങ്ങുന്ന ഒന്നാം ടെസ്റ്റിന് മുന്‍പ് കോലി മടങ്ങിയെത്തിയേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ, ഇന്ത്യ–എ ടീമുകള്‍ തമ്മില്‍ നടന്ന ത്രിദിന മല്‍സരത്തില്‍ കോലി പങ്കെടുത്തിരുന്നില്ല.
അതേസമയം ഏകദിന പരമ്പരയ്ക്കിടെ വിരലിന് പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിന് ടെസ്റ്റ് പരമ്പര നഷ്ടമാകും. ഋതുരാജ് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകും. ഇപ്പോള്‍ ഇന്ത്യ–എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള അഭിമന്യു ഈശ്വരന്‍, ഋതുരാജിന് പകരം റിസര്‍വ് ഓപ്പണറായി ടെസ്റ്റ് ടീമിലെത്തിയേക്കും. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഋതുരാജിന്‍റെ വലംകൈയിലെ വിരലിന് പരുക്കേറ്റത്. മൂന്നാം ഏകദിനത്തില്‍ രജത് പടിദാറാണ് ഋതുരാജിന് പകരം ഓപ്പണ്‍ ചെയ്തത്.
ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ച കെ.എല്‍.രാഹുലും പേസര്‍ മുകേഷ് കുമാറും വിശ്രമത്തിനുശേഷം ടെസ്റ്റ് ടീമിനൊപ്പം ചേരും. ശ്രേയസ് അയ്യര്‍ ഒന്നാം ഏകദിനത്തിനുശേഷം ടെസ്റ്റ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. ഫെബ്രുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുശേഷം ആദ്യമായാണ് കെ.എല്‍.രാഹുലും ശ്രേയസും ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്നത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറുകയോ പരുക്കുകാരണം ഒഴിവാക്കപ്പെടുകയോ ചെയ്യുന്ന നാലാമത്തെ താരമാണ് ഋതുരാജ്. ടെസ്റ്റ് ടീമില്‍ നിന്ന് മുഹമ്മദ് ഷമിയെ പരുക്കുകാരണം ഒഴിവാക്കുകയും ഇഷാന്‍ കിഷന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുകയും ചെയ്തിരുന്നു. ഏകദിന ടീമില്‍ അംഗമായിരുന്ന ദീപക് ചാഹറും വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറി.
Virat Kohli returns home from South Africa. Ruturaj Gaikwad has been ruled out of the two-Test series because of an injury. Abhimanyu Easwaran asked to be on stand-by.