റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 353 റണ്‍സിന് പുറത്ത്. രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും സ്പിന്നര്‍ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെയാണ് ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശീല വീണത്. 122 റണ്‍സോടെ ജോ റൂട്ട് പുറത്താവാതെ നിന്നു.

ഒലി റോബിന്‍സന്‍ 58 റണ്‍സെടുത്തു.  ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലുവിക്കറ്റും ആകാശ് ദീപ് മൂന്നുവിക്കറ്റും വീഴ്ത്തി. 110-5 എന്ന നിലയില്‍ ഒന്നാം ദിനം പരുങ്ങിയതിന് ശേഷമാണ് ഇംഗ്ലണ്ട് 353 എന്ന സ്കോറിലേക്ക് എത്തിയത്. 274 പന്തുകള്‍ നേരിട്ട് ക്രീസില്‍ നിലയുറപ്പിച്ച റൂട്ടിന്റെ ഇന്നിങ്സ് ആണ് തിരികെ കയറാന്‍ ഇംഗ്ലണ്ടിനെ തുണച്ചത്. 

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്സിനൊപ്പവും വാലറ്റത്ത് ഒലി റോബിന്‍സനൊപ്പമൊപ്പവും ചേര്‍ന്ന് റൂട്ട് കണ്ടെത്തിയ കൂട്ടുകെട്ട് നിര്‍ണായകമായി. റൂട്ടും ഒലി റോബിന്‍സണും ചേര്‍ന്ന് 102 റണ്‍സിന്റെ കൂട്ടുകെട്ടും റൂട്ടും ബെന്‍ ഫോക്സും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് കണ്ടെത്തിയത്. 126 പന്തില്‍ നിന്ന് 47 റണ്‍സ് ആണ് ബെന്‍ ഫോക്സ് നേടിയത്. ഒലി റോബിന്‍സണ്‍ 96 പന്തില്‍ നിന്ന് 58 റണ്‍സും. 

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ അരങ്ങേറ്റക്കാരന്‍ ആകാശ്ദീപ് തുടക്കത്തില്‍ തന്നെ വിറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര ബാറ്റേഴ്സിനേയും ആകാശ് കൂടാരം കയറ്റി. ആകാശിനൊപ്പം രവീന്ദ്ര ജഡേജയും അശ്വിനും വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ആദ്യ സെഷനില്‍ പരുങ്ങി. എന്നാല്‍ റൂട്ടിലൂടെ ഇംഗ്ലണ്ട് തിരികെ കയറുകയായിരുന്നു. 

England all out for 353 runs, four wickets for jadeja