റാഞ്ചി ടെസ്റ്റിലെ ധ്രുവ് ജുറലിന്റെ ബാറ്റിങ്ങിന് കയ്യടിച്ചെത്തിയവരില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമുണ്ടായി. എന്നാല്‍ ജുറലിനെ പ്രശംസിച്ച് സെവാഗ് പറഞ്ഞ വാക്കുകള്‍ ചോദ്യം ചെയ്ത് എത്തുകയാണ് ആരാധകര്‍. സര്‍ഫറാസ് ഖാനെ ഉന്നം വെച്ചാണ് സെവാഗിന്റെ വാക്കുകള്‍ എന്നാണ് ആരാധകരുടെ വിമര്‍ശനം. 

'മാധ്യമങ്ങളുടെ ഹൈപ്പില്ല, നാടകീയതയില്ല. നല്ല കഴിവും പ്രതിസന്ധി ഘട്ടങ്ങളില്‍ നിശബ്ദനായി നിന്നുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. വളരെ നന്നായി കളിച്ചു ധ്രുവ് ജുറല്‍, ആശംസകള്'‍, സെവാഗ് എക്സില്‍ കുറിച്ചു. എന്നാല്‍ ധ്രുവിനെ അഭിനന്ദിച്ചുള്ള വാക്കുകളിലൂടെ സെവാഗ് ലക്ഷ്യം വെക്കുന്നത് മറ്റ് താരങ്ങളെയാണെന്ന പ്രതികരണങ്ങളുമായി ആരാധകരെത്തി. 

സര്‍ഫറാസ് ഖാന് ലഭിച്ച വാര്‍ത്താ പ്രാധാന്യത്തിനെതിരെയാണ് ഇവിടെ സെവാഗ് ഒളിയമ്പെയ്യുന്നത് എന്നാണ് ആരാധകരുടെ വിമര്‍ശനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സര്‍ഫറാസ് ഖാന്റെ റെക്കോര്‍‍ഡുകളെ തുടര്‍ന്നാണ് താരത്തിന് ഇത്രയും മീഡിയ ഹൈപ്പ് ലഭിച്ചത് എന്ന് ആരാധകരില്‍ പലരും ചൂണ്ടിക്കാണിക്കുന്നു. 

'ആരാധകരുടെ പ്രതികരണം രൂക്ഷമായതോടെ മറുപടിയുമായി സെവാഗ് എക്സിലെത്തി. ആരേയും തരംതാഴ്ത്തി കാണാന്‍ ശ്രമിച്ചിട്ടില്ല. ഹൈപ്പ് ലഭിക്കേണ്ടത് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ചിലര്‍ വളരെ നന്നായി പന്തെറിഞ്ഞു. മറ്റ് ചിലര്‍ നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ അവര്‍ അര്‍ഹിക്കുന്ന ഹൈപ്പ് അവര്‍ക്ക് ലഭിച്ചില്ല. ആകാശ് ദീപ് വളരെ മികച്ചു നിന്നു. പരമ്പരയില്‍ ഉടനീളം യശസ്വി മികവ് കാണിച്ചു. രാജ്കോട്ടില്‍ സര്‍ഫറാസും. ജുറല്‍ തനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം. ഹൈപ്പ് എല്ലാവര്‍ക്കും ലഭിക്കണം', സെവാഗ് ആരാധകര്‍ക്ക് മറുപടിയായി എക്സില്‍ കുറിച്ചു. 

Virender sehwag claps for dhruv jurel, fans not happy