ravichanran-ashwin-england-test

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായി അശ്വിന്‍ മടങ്ങിയപ്പോള്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചു.  എന്നാല്‍ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് താരം മടങ്ങിയതെന്ന് പിന്നീട് ബിസിസിഐ തന്നെ സ്ഥിരീകരിച്ചിരുന്നു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാജ്കോട്ടിലേക്ക് അശ്വിന്‍ അടുത്ത ദിവസങ്ങളില്‍ മടങ്ങിയെത്തുകയാണ് ഉണ്ടായത്. കടുത്ത മാനസിക സംഘര്‍ഷമനുഭവിച്ച ആ ദിവസങ്ങളെ കുറിച്ച് അശ്വിന്‍ തുറന്ന് പറയുകയാണ്. ആശുപത്രിക്കിടക്കയില്‍ വച്ച് അമ്മ തന്നോട് മടങ്ങിപ്പോയി കളിക്കാന്‍ ആവശ്യപ്പെട്ടെന്ന് അശ്വിന്‍ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫൊയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. 

r-ashwin

 

r-ashwin-160224

'ബെംഗളൂരുവില്‍ ചെന്നിറങ്ങി നേരെ ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ അമ്മ ബോധാബോധങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. ബോധം വീണപ്പോള്‍ എന്നെ കണ്ടതും.. നീ എന്തിനാണ് വന്നത്? ‌ടെസ്റ്റ് നടക്കുകയല്ലേ, നീ തിരിച്ച് പോകണ'മെന്ന് നിര്‍ബന്ധിക്കുകയുമായിരുന്നു. അങ്ങനെ രാജ്കോട്ട് ടെസ്റ്റില്‍ ടീമിനൊപ്പം ചേരുകയായിരുന്നു താനെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 

Ashwin-plays-a-shot

 

നൂറാം ടെസ്റ്റെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുമ്പോള്‍ കുടുംബം നല്‍കിയ പിന്തുണ വിസ്മമരിക്കാനാവില്ലെന്ന് അശ്വിന്‍ വ്യക്തമാക്കുന്നു. കരിയറിലെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കളുടെ നിര്‍ദേശങ്ങളും അവരുടെ തീരുമാനങ്ങളും എത്രത്തോളം സഹായിച്ചിട്ടുണ്ടെന്നും താരം തുറന്ന് പറയുന്നു. 100–ാം ‌ടെസ്റ്റിലേക്ക് എത്താന്‍ കഴിഞ്ഞത് ഒരു കുടുംബത്തിന്‍റെയൊന്നാകെ നേട്ടമാണെന്നും കൂട്ടായ സ്വപ്നമാണ് പൂവണിയുന്നതെന്നും അശ്വിന്‍ സന്തോഷത്താല്‍ നിറഞ്ഞ കണ്ണുകളോടെ വെളിപ്പെടുത്തുന്നു. തന്‍റെ സ്വപ്നത്തിനൊപ്പം നില്‍ക്കുക അവരെ സംബന്ധിച്ചടുത്തോളം കഠിനവും അങ്ങേയറ്റം ശ്രമകരവുമായിരുന്നുവെന്നും താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളടക്കം അവരും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ആ ത്യാഗവും പ്രോല്‍സാഹനവും മറക്കാനാവില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. 

‌റാഞ്ചിയിലെ ടെസ്റ്റില്‍ കരിയറിലെ 35–ാം അഞ്ച് വിക്കറ്റ് നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.  ധരംശാലയിലും അശ്വിന്‍ നേട്ടത്തിന്‍റെ പടവുകള്‍ കയറുന്നത് കാത്തിരിക്കുകയാണ് ആരാധകരും.