isl-blasters-image-845-440

 

മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട മഞ്ഞപ്പടക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എൽ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടതിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നേരിടേണ്ടി വന്നത്. സംഭവത്തില്‍ മുന്‍പ് നാല് കോടി രൂപ പിഴ വിധിച്ചതിനെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ സ്വിറ്റ്‌സർലാൻഡിലെ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട് തള്ളി. ക്ലബ്ബിനെതിരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ച ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് സി.എ.എസിനെ സമീപിച്ചിരുന്നത്. എന്നാൽ ഈ അപ്പീൽ തള്ളുകയും അപ്പീൽ നൽകാനായി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന് ചെലവായ തുക ബ്ലാസ്റ്റേഴ്‌സ് നൽകണമെന്നും വിധിവന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്‌ക്കേണ്ടിവരും. ഇതോടെ ബ്ലാസ്റ്റേഴ്സിന് കിട്ടിയ തിരിച്ചടിയുടെ ആഘാതം ഏറിയിരിക്കുകയാണ്. 

 

കഴിഞ്ഞ ജൂണിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ തള്ളിയിരുന്നു. നാലു കോടി പിഴത്തുകയിൽ കുറവ് വരുത്തണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി അന്ന് വ്യക്തമാക്കിയത്. കോച്ച് ഇവാൻ വുകൊമനോവിച്ചിന്റെ അപ്പീലും ഫെഡറേഷൻ അംഗീകരിച്ചിരുന്നില്ല. സംഭവത്തിൽ ബ്ലാസ്റ്റേഴ്‌സും വുകമനോവിച്ചും മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനൊന്നും പിഴയില്‍ നിന്ന് മഞ്ഞപ്പടയെ രക്ഷിക്കാനായില്ല. 

 

 

സുനിൽ ഛേത്രി ബെംഗളൂരുവിനായി ഫ്രീകിക്കിൽ നിന്ന് ഗോൾ നേടിയത് അനുവദിച്ച വിവാദ റഫറിയിംഗ് തീരുമാനത്തെത്തുടർന്ന് മൈതാനത്ത് നിന്ന് ഇറങ്ങാൻ തൻ്റെ ടീമിനോട് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകൊമാനോവിച്ച് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ എഐഎഫ്എഫ് അച്ചടക്ക സമിതി കോച്ചിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഇവാൻ വുകൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും 5 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ വിധിച്ചത്. ടീമിന്റെ ഡ്രസിങ് റൂമിൽ വരെ പ്രവേശന വിലക്ക് ബാധകമായിരുന്നു. മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്‌സ് ടീം കളംവിട്ടപ്പോൾ 1-0ന് കളി ജയിച്ച് ബെംഗളൂരു എഫ്‌സി സെമിയിൽ എത്തുകയും ചെയ്തു. 2023 മാർച്ച് 31നാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്.

 

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തന്നെ ടീമിന്‍റെയും കോച്ചിന്‍റെയും പ്രവൃത്തികളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരുന്നു. കോച്ച് ടീം അംഗങ്ങളെ തിരിച്ചുവിളിക്കുന്നതും ടീം മൈതാനത്ത് നിന്ന് ഇറങ്ങി വന്നതുമൊക്കെ ഫുട്ബോള്‍ ലോകത്തെ സജീവ ചര്‍ച്ചാവിഷയമായിരുന്നു. 

 

Kerala Blasters lose ‘walkout’ appeal at CAS, must pay fine of Rs 4 crore