ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനെതിര ഇറങ്ങും. പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ബഗാനും, അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സും നേർക്കുനേരെത്തുമ്പോൾ മത്സരം കടുക്കും. രാത്രി 7.30ന് കൊച്ചിയിലാണ് മത്സരം.
ഹോം മാച്ചിൽ ഇനിയൊരു തോൽവി ബ്ലാസ്റ്റേഴ്സിന് സങ്കൽപ്പിക്കാനെ വയ്യ. ലീഗിൻ അഞ്ചു മത്സരങ്ങൾ ശേഷിക്കെ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതാണ്. മുൻനിര കളിക്കാരുടെ പരുക്കിനൊപ്പം, പലപ്പോഴും കളിക്കാരും കളിയും ശരാശരിക്കും താഴെ പോകുന്നതാണ് കോച്ച് വുകുമനോവിച്ചിനെ അലട്ടുന്നത്. ബ്ലാസ്റ്റേഴ്സിന്‍റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇന്ന് ചില മാറ്റങ്ങൾ ഉറപ്പാണ്. സീസണിൽ നാലാം മഞ്ഞക്കാർഡ് കണ്ട ലെഫ്റ്റ് ബാക്ക് നവോച്ച സിങ് ഇറങ്ങില്ല. ബംഗളൂരു എഫ്സിക്ക് എതിരായ മത്സരത്തിൽ 1 - 0 നു പരാജയപ്പെട്ട ശേഷമാണ് ബ്ലാസ്റ്റേഴ്സ് വമ്പന്മാർക്ക് എതിരേ ഇറങ്ങുന്നത്.
ബംഗളൂരു എഫ് സിക്ക് എതിരേ സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ച നിഹാൽ സുധീഷ്, ഡാനിഷ് ഫറൂക്ക്, എന്നിവർ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് പുറത്തായേക്കും. ഗോൾകീപ്പറായി കരൺജീത് എത്തും. പ്രബീർ ദാസ് റൈറ്റ് ബാക്കിലുണ്ടാകും. മധ്യനിരയിൽ ഡാനിഷ് ഫറൂക്കിനു പകരം ജീക്സൺ സിങ് കളിച്ചേക്കും. ആക്രമണത്തിൽ ദിമിത്രിയോസ് ഡയമാൻറകോസിന് ഒപ്പം രാഹുൽ കെ .പി ആയിരിക്കും സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാവുക. കേരള ബ്ലാസ്റ്റേഴ്സ് മുൻ കളിക്കാരൻ സഹൽ അബ്ദുൾ സമദ് ചേർന്ന ശേഷം ബഗാൻ കൊച്ചിയിൽ കളിക്കാൻ എത്തുന്നത് ഇതാദ്യമാണ്. സഹൽ അബ്ദുൾ സമദ് പഴയ തട്ടകത്തിൽ കളിക്കാനെത്തുന്ന മത്സരം എന്ന സവിശേഷതയും ബ്ലാസ്റ്റേഴ്സ് ബഗാൻ മത്സരത്തിന് ഉണ്ട്.
Kerala blasters vs mohun bagan