മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസിന്‍റെ 'പ്രേമലു' ഇനി തമിഴിലേക്കും. ഡി.എം.കെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തീയറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. ബീസ്റ്റ്, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, വാരിസു, തുനിവു, ലാല്‍ സലാം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്.
ഫഹദ് ഫാസില്‍ സഹനിര്‍മ്മാതാവായ ചിത്രംകൂടിയാണ് പ്രേമലു. അതേസമയം ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ മകന്‍ എസ്.എസ്.കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. മാര്‍ച്ച് 8-ന് പുറത്തിറങ്ങിയ തെലുങ്ക് പതിപ്പ് മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. ഗിരീഷ്.എ.ഡി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ്. മാര്‍ച്ച് 15-നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങുക.
നിലവിൽ പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ നൂറു കോടി ക്ലബ്ബിലെത്തിയ പ്രേമലു കേരളത്തിനു പുറത്തും നിറഞ്ഞോടുകയാണ്. നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ്.എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.