മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ കഴിയുമ്പോള്‍ പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. ഹര്‍ദിക്കിന്റെ ഗ്രൗണ്ടിലെ തീരുമാനങ്ങളില്‍ പലതും മുംബൈക്ക് തിരിച്ചടിയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന ഓവറുകളില്‍ കളി കൈവിട്ടപ്പോള്‍ ഹൈദരാബാദിന് തകര്‍പ്പന്‍ ചെയ്സിങ് നടത്തിയെങ്കിലും ജയിച്ചു കയറാനായില്ല. വിമര്‍ശനങ്ങളും ട്രോളുകളും നിറയുമ്പോള്‍ ഗുജറാത്തില്‍ നിന്ന് മുംബൈ സ്വന്തമാക്കേണ്ടിയിരുന്ന ആള്‍ മാറിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ യഥാര്‍ഥ വിജയശില്‍പി ഹര്‍ദിക് ആയിരുന്നില്ല. അത് ആശിഷ് നെഹ്റയായിരുന്നു എന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ ശക്തമാവുന്നത്. നെഹ്റയുടെ തന്ത്രങ്ങളാണ് ഗുജറാത്തിനെ തുണച്ചിരുന്നത്. ഹര്‍ദിക്കിന് പകരം മുംബൈ സ്വന്തമാക്കേണ്ടിയിരുന്നത് നെഹ്റയെ ആയിരുന്നു എന്ന പ്രതികരണങ്ങളും ശക്തമാണ്. മുംബൈ ഇന്ത്യന്‍സിലേക്ക് എത്തിയപ്പോള്‍ ഹര്‍ദിക്കിന്റെ പോരായ്മകള്‍ വ്യക്തമായി പുറത്തറിയാന്‍ തുടങ്ങി.
2022ലെ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് നെഹ്റയ്ക്ക് കീഴില്‍ കളിച്ചത് 16 മല്‍സരങ്ങള്‍. തോറ്റത് നാല് കളിയില്‍. വിജയശതമാനം 75. 2023ല്‍ ഗുജറാത്തിന്റെ 17 കളികളില്‍ തോല്‍വി ആറ് കളിയില്‍ വിജയശതമാനം 64.70. 2024ല്‍ രണ്ട് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയും. ആകെ 35 മല്‍സരങ്ങളില്‍ 24 ജയം. 11 തോല്‍വി. 2022 സീസണില്‍ ഗുജറാത്ത് കിരീടം ചൂടിയപ്പോള്‍ 2023ല്‍ റണ്ണേഴ്സപ്പുകളായി.
മറ്റ് പരിശീലകരില്‍ നിന്ന് വ്യത്യസ്തവുമായി നെഹ്റയുടെ ശൈലി. ബൗണ്ടറി ലൈനിന് സമീപം നിന്ന് കളിക്കാരുമായി നിരന്തരം സംസാരിക്കുന്ന നെഹ്റയെ സ്ക്രീനില്‍ കാണാം. ഓവറുകള്‍ക്കിടയില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന നെഹ്റയെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ ഗ്വാര്‍ഡിയോളയുമായാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.