മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ പേസര്‍ എസ്. ശ്രീശാന്ത്. മറ്റൊരു ക്യാപ്റ്റന് കീഴില്‍ സ്വതന്ത്രമായി കളിക്കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു എന്നാണ് ശ്രീശാന്തിന്റെ വാക്കുകള്‍. 

ക്രിക്കറ്റ് ദൈവമായ സച്ചിന്‍ ധോണിക്ക് കീഴില്‍ കളിക്കുന്നത് നമ്മള്‍ കണ്ടു. നമ്മള്‍ ലോകകപ്പും ജയിച്ചു. പുതിയ ക്യാപ്റ്റനായ ഹര്‍ദിക്കിന് കീഴില്‍ കളിക്കുന്ന രോഹിത് എന്നെല്ലാം പറഞ്ഞ പല വാര്‍ത്തകളും വരുന്നു. എന്നാല്‍ സ്വതന്ത്രമായി കളിക്കാന്‍ രോഹിത് ഇഷ്ടപ്പെടുന്നു, ശ്രീശാന്ത് പറഞ്ഞു. 

ഞാന്‍ മനസിലാക്കിയിടത്തോളം സ്വതന്ത്രമായി ബാറ്റ് ചെയ്യാനാണ് രോഹിത് ശ്രമിക്കുക. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ബാറ്റ് ചെയ്യാന്‍. ഓറഞ്ച് ക്യാപ്പും ചിലപ്പോള്‍ സ്വന്തമാക്കിയേക്കും. നല്ല സീസണായിരിക്കും രോഹിത്തിന് ഇത്. മുംബൈ ഇന്ത്യന്‍സിനെ രോഹിത് മുന്‍പില്‍ നിന്ന് നയിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയെ രോഹിത് പിന്നില്‍ നിന്ന് നയിക്കും, എനിക്ക് ഉറപ്പുണ്ട്, ശ്രീശാന്ത് പറയുന്നു. 

ഏത് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചാലും രോഹിത്തിന്റെ ശൈലിയില്‍ മാറ്റമുണ്ടാവില്ല. വ്യക്തിപരമായ പ്രയാസമേറിയ സമയങ്ങളിലൂടെയാവാം രോഹിത് കടന്നുപോകുന്നത്. എന്നാല്‍ ചാംപ്യനായി രോഹിത് തിരികെ കയറുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഈ സീസണില്‍ രോഹിത് കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുമെന്നും ശ്രീശാന്ത് പറഞ്ഞു.

ഈ സീസണില്‍ മൂന്ന് കളിയില്‍ നിന്ന് 69 റണ്‍സ് ആണ് രോഹിത് സ്കോര്‍ ചെയ്തത്. 43 റണ്‍സ് ആണ് സീസണിലെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. എന്നാല്‍ 164 എന്നതാണ് മൂന്ന് മല്‍സരങ്ങളില്‍ നിന്നുള്ള രോഹിത്തിന്റെ സ്ട്രൈക്ക്റേറ്റ്.