'വീ ആര്‍ ദ ചാമ്പ്യന്‍...മൈ ഫ്രണ്ട്...' ആശുപത്രിക്കിടക്കയില്‍ നിന്ന് പാട്ടുപാടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസമാണ് വിനോദ് കാംബ്ലിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പങ്കുവെച്ച വിഡിയോയില്‍ കാംബ്ലി തന്‍റെ ആരോഗ്യത്തെക്കുറിച്ചാണ് പറയുന്നത്. ഡോക്ടര്‍ കാരണമാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
'ഇപ്പോൾ എനിക്ക് സുഖം തോന്നുന്നുണ്ട്, ഞാൻ ഇത് (ക്രിക്കറ്റ്) ഉപേക്ഷിക്കില്ല, കാരണം ഞാൻ എത്ര സെഞ്ചുറികളും ഡബിൾ സെഞ്ചുറികളും നേടി എന്ന് ഓർക്കുന്നു. ഈ കുട്ടികൾ എന്നെ കണ്ടിട്ടുണ്ട്. എന്‍റെ മകനും ഇടംകൈയ്യൻ ബാറ്റ്‌സ്മാനാണ്. ജീവിതം ആസ്വദിക്കൂ എന്ന് ഞാൻ പറയും, പക്ഷേ മദ്യം കഴിക്കരുത് എന്നും താന്‍ പറയുമെന്നും കാംബ്ലി പറഞ്ഞു.
ബാല്യകാല സുഹൃത്തും സഹ കളിക്കാരനുമായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപറ്റിയും കാംബ്ലി വിഡിയോയില്‍ പറയുന്നുണ്ട്. സച്ചിന്‍റെ അനുഗ്രഹം തന്‍റെ കൂടെ എപ്പോഴുമുണ്ടെന്നും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നുമാണ് കാംബ്ലി പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ തലച്ചോറിൽ കട്ടപിടിക്കുന്ന ഗുരുതരമായ അവസ്ഥയിലാണ് കാംബ്ലി എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. കാംബ്ലിയുടെ ചികില്‍സക്കായി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.