rishabh-pant-kuldeep

ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്‍പില്‍ പൊരുതാന്‍ പോലും നില്‍ക്കാതെ തോല്‍വി സമ്മതിക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓള്‍റൗണ്ട് മികവിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് വീണപ്പോള്‍ 8.5 ഓവറില്‍ പന്തും കൂട്ടരും ജയം തൊട്ടു. മല്‍സരം പെട്ടെന്ന് അവസാനിച്ചെങ്കിലും ഗുജറാത്ത് ഇന്നിങ്സിന് ഇടയിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്. 

ഗുജറാത്ത് ഇന്നിങ്സിന് ഇടയില്‍ കുല്‍ദീപ് യാദവ് സഹതാരത്തോട് ക്ഷുഭിതനായപ്പോള്‍ കൂളാക്കുകയാണ് ഋഷഭ് പന്ത്. ഒരു നല്ല നായകന്റെ സമീപനം എന്നാണ് ഇത് ചൂണ്ടി ആരാധകരുടെ വാക്കുകള്‍. പേസര്‍ മുകേഷ് കുമാറില്‍ നിന്ന് നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് വന്ന പവര്‍ഫുള്‍ ത്രോയാണ് കുല്‍ദീപിനെ ക്ഷുഭിതനാക്കിയത്. 

ഭ്രാന്താണോ നിനക്ക് എന്നാണ് മുകേഷ് കുമാറിനോട് ദേഷ്യത്തില്‍ കുല്‍ദീപ് ചോദിച്ചത്. ഈ സമയം കുല്‍ദീപിന് അടുത്തേക്ക് വന്ന ഋഷഭ് പന്ത് ദേഷ്യപ്പെടാതിരിക്കു എന്ന് കുല്‍ദീപിനോട് പറഞ്ഞു. പന്തിന്റെ ഈ വാക്കുകള്‍ക്ക് കയ്യടിച്ചാണ് ആരാധകരുടെ പ്രതികരണങ്ങള്‍ വരുന്നത്. 

17.3 ഓവറിലാണ് ഗുജറാത്തിനെ ഡല്‍ഹി 89 റണ്‍സിന് ഓള്‍ഔട്ടാക്കിയത്. 24 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്ത റാഷിദ് ഖാന്‍ ആണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും ഇഷാന്ത് ശര്‍മ, സ്റ്റബ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഖലീല്‍ അഹ്മദ്, അക്ഷര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Kuldeep yadav lashes out at teammate