മാഞ്ചസ്റ്റർ സിറ്റിയെ പെനൽറ്റി ഷൂട്ട്‌ഔട്ടിൽ തോൽപ്പിച്ച്  റയൽ മാഡ്രിഡ്‌ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ. രണ്ട് പെനൽറ്റികിക്കുകൾ തടുത്ത ഗോൾകീപ്പർ ആൻഡ്രി ലൂണിനാണ് റയലിന്‍റെ ഹീറോ ആയത്. അർസനലിനെ തോൽപ്പിച്ച് ബയൻ മ്യൂണിക്കും സെമിയിൽ എത്തി. 

 

ഇത് 14 വട്ടം ചാമ്പ്യൻസ്‌ ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡ്‌ ആണെന്ന് ഓരോ നീക്കത്തിലും സിറ്റിയെ ഓർമിപ്പിച്ച് ഒരു പ്രകടനം. 19 വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കണ്ട പെനൽറ്റി ഷൂട്ട്‌ ഔട്ടിൽ, റയലിന്റെ ജയം 4-3ന്.  മറ്റെയോ കൊവാസിച്ചിന്‍റെയും ബെർനാഡോ സിൽവയുടെയും പെനൽട്ടി തടുത്ത് റയലിന്റെ പകരക്കാരൻ  ഗോൾ കീപ്പർ ലൂണിൻ. മറുവശത്തു ലൂക്കാ മോഡ്രിച്ചൊഴികെ മറ്റെല്ലാ റയൽ താരങ്ങളും ലക്ഷ്യം കണ്ടു 

 

 

രണ്ടാംപാദ ക്വാർട്ടറിൽ 12ആം  മിനിറ്റിൽ  തന്നെ റോഡ്രിഗൊ റയലിനെ മുന്നിലെത്തിച്ചു. ഗോൾ വഴങ്ങിയതിന് പിന്നാലെ സിറ്റിയുടെ ആധിപത്യം. എന്നാൽ 76ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു റയൽ പ്രതിരോധം കീഴടക്കാൻ. അധിക സമയത്തും ആരും വിജയഗോൾ നേടാത്തതോടെ ഷൂട്ട്‌ ഔട്ടിലേക്ക്. ആർസനലിനെ തോൽപിച്ച ബയൻ മ്യൂനിക്കാണ് സെമിയിൽ റയൽ മാഡ്രിഡിന്‍റെ എതിരാളികൾ. ജോഷ്വാ കിമ്മിച്ചിന്‍റെ ഏക ഗോളിലാണ് ബവേറിയൻസ്‌ രണ്ടാം പാദത്തിൽ ജയിച്ചത്‌.