പഞ്ചാബിനെതിരായ മല്‍സരത്തില്‍ 122–ാം റണ്‍സില്‍ നില്‍ക്കുമ്പോള്‍ ചെന്നൈയുടെ ആറാം വിക്കറ്റ് വീണു. ഏഴാമനായി ധോണി ഇറങ്ങുമെന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചിരിക്കെ വന്നത് ശാര്‍ദുല്‍. ആരാധകരുടെ നെറ്റി ചുളിഞ്ഞു. കടുത്ത വിമര്‍ശനങ്ങളുമുയര്‍ന്നു. വൈകിയിറങ്ങുന്ന ധോണിക്കെതിരെ കടുത്ത വാക്ശരങ്ങളാണ് ഹര്‍ഭജനും ഇര്‍ഫാന്‍ പഠാനുമടക്കമുള്ളവര്‍ ഉന്നയിച്ചത്. രണ്ടോവര്‍ മാത്രം കളിക്കാന്‍ ഇറങ്ങേണ്ട താരമല്ല ധോണിയെന്നായിരുന്നു വിമര്‍ശകരുടെ വാദം.
എന്നാല്‍ വിമര്‍ശകര്‍ അത് തുടരട്ടെ എന്ന ലൈനിലാണ് ചെന്നൈ. അതിന് കൃത്യമായ കാരണങ്ങളും ടീം പറയുന്നു. കാലിലെ മസിലിന്‍റെ തേയ്മാനവും വച്ചാണ് 'തല' കളിക്കുന്നത്. അതു കൊണ്ട് തന്നെ കൂടുതല്‍ നേരം നില്‍ക്കാനോ ഓടാനോ പറ്റുന്ന അവസ്ഥയില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷമാദ്യമാണ് മസിലിന് തേയ്മാനം തുടങ്ങിയതെന്നും ടീമിലെ സെക്കന്‍റ് വിക്കറ്റ് കീപ്പറായിരുന്ന കോണ്‍വോയ് ഐപിഎല്ലിന് മുന്‍പ് തന്നെ പരുക്കേറ്റ് പിന്‍മാറിയതോടെയാണ് ധോണിക്ക് മറ്റ് സാധ്യതകളില്ലാതെയായതെന്നും അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരമൊരു അവസ്ഥയില്‍ വേദനയും വച്ച് കളിക്കുമ്പോള്‍ ഓട്ടം കുറയ്ക്കുക മാത്രമാണ് മരുന്നെടുക്കുന്നതിനൊപ്പം ധോണിക്ക് ചെയ്യാന്‍ ആവുക. ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും പരുക്കിന്‍റെ പിടിയിലുള്ള ടീമിനെ തന്നെ കൈവിടാന്‍ താരം ഒരുക്കമല്ലെന്നും ടീം അധികൃതര്‍ പറയുന്നു.
പരുക്ക് വലച്ചതിനാല്‍ ബി ടീമിനെയും വച്ചാണ് ഈ ഐപിഎല്‍ കളിക്കുന്നതെന്നേ ഞങ്ങള്‍ കരുതിയിട്ടുള്ളൂ. ധോണിയുടെ രക്തത്തിനായി മുറവിളി കൂട്ടുന്നവര്‍ അദ്ദേഹം ടീമിനായി സഹിക്കുന്ന വേദനയെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നു . പരിശീലന സമയത്ത് പോലും ധോണി ഓടുന്നതേയില്ലെന്നതും ഇതുമായി ചേര്‍ത്ത് വായിക്കാമെന്ന് വിദഗ്ധരും പറയുന്നു. ചെറിയ രീതിയിലുള്ള ഓട്ടം പോലും ധോണിയുടെ പരുക്കിനെ മോശമാക്കിയേക്കാമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. കാലിന് പരുക്കേറ്റ് വിശ്രമത്തിലിരുന്ന ദീപക് ചഹര്‍ ഇനി മടങ്ങിയെത്താനും സാധ്യത കുറവാണ്.
Leg muscle tear forcing MS Dhoni to choose down; report