ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളായ സജനാ സജീവനും ആശാ ശോഭനയ്ക്കും തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വരവേൽപ്പ്.  ബംഗ്ലാദേശിനെതിരായ ട്വന്‍റി- ട്വന്‍റി പരമ്പരയിൽ  നന്നായി കളിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം ഇരുവരും  പങ്കുവെച്ചു.

ബംഗ്ലാദേശിനെതിരായ 20- 20 പരമ്പര ഇന്ത്യ തൂത്ത് വാരിയത് ഈ മലയാളി പെൺകുട്ടികളുടെ കൂടി കരുത്തിലാണ്.ആദ്യ മൂന്നു മത്സരങ്ങളിൽ സജന ബാറ്റു കൊണ്ട് തിളങ്ങിയപ്പോൾ അവസാന രണ്ട് കളികളിൽ ലെഗ് സ്പിന്നിൽ എതിരാളികളെ കറക്കി വീഴ്ത്തി ആശ. ആ സന്തോഷവുമായി നാട്ടിൽ തിരിച്ചെത്തിയ ഇരുവരെയും കാത്തിരുന്നത്  കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വക ഗംഭീര സ്വീകരണം.

ആശ തിരുവനന്തപുരത്തുകാരിയും സജന വയനാട് സ്വദേശിയുമാണ്. ആശയുടെ മാതാപിതാക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്ത്യൻ ടീമിലെ നേട്ടം ഉറപ്പിക്കാനുള്ള കഠിന പരിശീലനത്തിന് ഒരുങ്ങുകയാണ് ഇരുവരും.