TAGS

സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ തോല്‍വിക്ക് പിന്നാലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനോട് ടീം ഉടമ ചൂടായി സംസാരിക്കുന്നത് വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയത്. ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ രാഹുലുമായുള്ള ചൂടന്‍ സംസാരത്തെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ നിറയുന്നതിന് ഇടയില്‍ ലഖ്നൗ പരിശീലകനും പ്രതികരണവുമായി എത്തുന്നു. 

ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് രാഹുല്‍–ഗോയങ്കെ സംഭാഷണത്തെ ലഖ്നൗ ടീമിന്റെ അസിസ്റ്റന്‍റ് കോച്ച് ലാന്‍സ് ക്ലൂസ്നര്‍ വിശേഷിപ്പിച്ചത്. രണ്ട് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നടന്ന ആരോഗ്യകരമായ സംഭാഷണമാണ് അവിടെ കണ്ടത്. ഞങ്ങള്‍ ഇതുപോലുള്ള സംഭാഷണങ്ങള്‍ ഇഷ്ടപ്പെടുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ കാര്യമല്ല, മത്സരശേഷമുള്ള പ്രസ് മീറ്റര്‍ ക്ലൂസ്നര്‍ പറഞ്ഞു. 

ഈ സീസണില്‍ 460 റണ്‍സ് ആണ് രാഹുല്‍ സ്കോര്‍ ചെയ്തത്. സ്ട്രൈക്ക്റേറ്റ് 136.09. രാഹുലിന്റെ ബാറ്റിങ് രീതി മധ്യനിരയില്‍ സ്റ്റോയ്നിസിലും പൂരനിലും സമ്മര്‍ദം നിറച്ചു എന്ന വിലയിരുത്തലും ശക്തമാണ്. എന്നാല്‍ രാഹുലിനെ പിന്തുണച്ചാണ് ക്ലൂസ്നറിന്റെ പ്രതികരണം. 'രാഹുലിന് അദ്ദേഹത്തിന്റേതായ ബാറ്റിങ് ശൈലിയുണ്ട്. ആ ശൈലിക്ക് ബഹുമാനം ലഭിക്കുകയും ചെയ്യുന്നു. ഈ സീസണില്‍ രാഹുല്‍ സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കാന്‍ ആഗ്രഹിക്കുന്നിടത്ത് നമുക്ക് വിക്കറ്റുകള്‍ നഷ്ടമാകുന്നതിനാല്‍ അദ്ദേഹത്തിനത് കഴിയുന്നില്ല, ക്ലൂസ്നര്‍ പറഞ്ഞു. 

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. 12 കളിയില്‍ നിന്ന് നേടിയത് ആറ് ജയവും ആറ് തോല്‍വിയും. 12 പോയിന്റാണ് ലഖ്നൗവിനുള്ളത്. നിലവില്‍ മൂന്ന് ടീമുകളാണ് 12 പോയിന്റുമായുള്ളത്. ലഖ്നൗവിന് പുറമെ ആര്‍സിബിക്കും ഡല്‍ഹിക്കും 12 പോയിന്റാണ്. എന്നാല്‍ നെറ്റ്റണ്‍റേറ്റില്‍ ഇവര്‍ ലഖ്നൗവിന് മുകളിലാണ്. 

Lucknow coach in Rahul-Goenka controversy