wimbledon-Avesham

ടെന്നിസ് ടൂര്‍ണമെന്‍റായ വിമ്പിൾഡണിന്‍റെ ഔദ്യോഗിക പേജില്‍ അടിച്ചുകേറി മലയാളി ആരാധകര്‍. ആവേശം സിനിമയിലെ ഇല്ലുമിനാറ്റി പാട്ട് ഔദ്യോഗിക പേജില്‍ പോസ്റ്റ്ചെയ്തതോടെയാണ് മലയാളികള്‍ ആവേശത്തിലായത്. സ്പാനിഷ് താരം കാർലസ്  അൽകാരസിന്‍റെ ആരാധകര്‍ക്കായാണ് പോസ്റ്റ്. അല്‍കാരസ് ഫാന്‍സ് ഹാപ്പി അല്ലേ എന്ന മംഗ്ലീഷ്  കുറിപ്പോടെ പോസ്റ്റ് വന്നതോടെ കമന്‍റ് ബോക്സ് മലയാളികള്‍ പൂരപ്പരമ്പാക്കി.

‘മലയാളി പവര്‍’, ‘ഇനി ഒരറിയിപ്പുണ്ടാകുംവരെ ലോകത്തിലെ എല്ലാ സ്പോര്‍ട്സ് പേജുകളുടെയും അഡ്മിന്‍ മലയാളികള്‍ ആകും’ എന്നുമൊക്കെ ആവേശം കൊണ്ട കമന്‍റുകള്‍. ‘ഇവനെ പടച്ചുവിട്ട കടവുളുക്ക് പത്തില്‍ പത്ത്’ കൊടുത്ത് അൽകാരസിന്‍റെ മലയാളി ഫാന്‍സും രംഗത്തെത്തി. ടൂര്‍ണമെന്‍റ് തുടങ്ങും മുന്‍പ്  മലയാളി ഓഡിയന്‍സിനെ ലക്ഷ്യമിട്ടാണ് വിമ്പിൾഡണിന്‍റെ നീക്കമെന്ന് നിരീക്ഷിച്ചവരുമുണ്ട്.

 

ഇന്നലെയാണ് വിമ്പിൾഡൻ ഒന്നാം റൗണ്ട‌് മത്സരങ്ങൾക്കു  തുടക്കമായത്. പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം അൽകാരസിനൊപ്പം ഇറ്റാലിയൻ താരം യാനിക് സിന്നർ, ജർമൻ താരം അലക്സാണ്ടർ സ്വരേവ്, റഷ്യൻ താരം ഡാനിൽ മെദ്‍വദെവ്, നോർവേ താരം കാസ്പർ റൂഡ്, ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരാണ് മല്‍സര രംഗത്തുള്ളത്.  വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ഇഗയുടെ വിമ്പിൾഡൻ മോഹത്തിനു തടയിടാൻ  റാങ്കിങ്ങിൽ തൊട്ടു പിന്നിലുള്ള യുഎസിന്‍റെ കൊക്കോ ഗോഫും ബെലാറൂസിന്‍റെ  അരീന സബലേങ്കയുമുണ്ട്. ജൂലൈ 14 വരെ രണ്ടാഴ്ചത്തേക്കാണ് മല്‍സരങ്ങള്‍. 

ENGLISH SUMMARY:

luminati song from the movie Avesham on Wimbledon official page