ബാഡ്മിന്റണ്‍ മത്സരത്തിനിടെ കോര്‍ട്ടില്‍ കുഴഞ്ഞുവീണ് പതിനേഴുകാരന് ദാരുണാന്ത്യം. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് ചൈനീസ് ബാഡ്മിന്റണ്‍ താരം ജാങ് ജിജിയെക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച ജപ്പാന്റെ കസുമ കവാനോയുമായി ഏറ്റുമുട്ടുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മത്സരം 11-11 എന്ന നിലയില്‍ സമനിലയില്‍ നില്‍ക്കുമ്പോഴാണ് വീഴ്ച സംഭവിച്ചത്. തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ താരമാണ് ജാങ് ജിജിയെ. താരം കുഴഞ്ഞുവീഴുന്നതിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നന്നായി കളിച്ചുകൊണ്ടിരുന്ന താരം പെട്ടെന്ന് വീഴുകയും പിടയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. താരം വീണിട്ടും 40 സെക്കന്‍ഡോളം സമയം കഴിഞ്ഞാണ് മെഡിക്കല്‍ സംഘമെത്തിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. അതേസമയം, സംഘത്തിന് റഫറിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഗ്രൗണ്ടില്‍ പ്രവേശിക്കാനാവൂ എന്ന നിയമമുണ്ടെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ജാങ് ജിജി ചൈനയുടെ ജൂനിയര്‍ ടീമില്‍ അംഗമായത്. ഈ വര്‍ഷമാദ്യം ഡച്ച് ജൂനിയര്‍ ഇന്റര്‍നാഷനല്‍ കിരീടം താരം സ്വന്തമാക്കിയിരുന്നു. താരത്തിന്റെ മരണം ബാഡ്മിന്റന്‍ ലോകത്തിന് തീരാനഷ്ടമാണെന്ന് ഏഷ്യന്‍ ബാഡ്മിന്റന്‍ അസോസിയേഷനും ഇന്തോനേഷ്യ ബാഡ്മിന്റന്‍ അസോസിയേഷനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.