ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര ജയിച്ച ഇന്ത്യൻ ടീമിലും ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യൻ വിജയത്തിലും പ്രധാനപങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. കഴിഞ്ഞ മൂന്ന് ഏകദിന ലോകകപ്പിലും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർ, വേഗത്തിൽ 100 ഏകദിന വിക്കറ്റ് നേടിയ താരം.. കളത്തിൽ വിജയമാണെങ്കിലും ഉയർച്ച താഴ്ചകൾ നിറഞ്ഞതാണ് ഷാമിയുടെ ജീവിതം. തുടർച്ചയായ പരിക്കുകളും മുൻ ഭാര്യയുമായി ബന്ധപ്പെട്ട വാർത്തകളും ഒത്തുകളി ആരോപണങ്ങളും താരത്തിൻറെ കരിയറിലെ കരിനിഴലായിരുന്നു. ഒത്തുകളി ആരോപണം വന്ന ദിവസം ഷമി ആത്മഹത്യ ശ്രമം നടത്തിയെന്നാണ് സുഹൃത്ത് ഉമേഷ് കുമാർ പറഞ്ഞത്. ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിലായിരുന്നു വെളിപ്പെടുത്തൽ.
'ആ ഘട്ടത്തിൽ ഷാമി എല്ലാത്തിനോടും പോരാടുകയായിരുന്നു. എന്നോടൊപ്പം വീട്ടിലായിരുന്ന ആ സമയത്ത് താമസിച്ചിരുന്നത്. പക്ഷേ പാകിസ്താനെതിരായ മത്സരത്തിൽ ഒത്തുകളിച്ചെന്ന ആരോപണവും അന്വേഷണവും അവനെ വല്ലാതെ തകർത്തു. മറ്റെല്ലാം സഹിക്കാം എന്നാൽ തൻറെ രാജ്യത്തെ ഒറ്റിക്കൊടുത്തു എന്നത് സഹിക്കാനായില്ലെന്നാണ് ഷമി പറഞ്ഞത്', എന്നിങ്ങനെയായിരുന്നു ഉമേഷ് കുമാറിന്റെ വാക്കുകൾ.
പുലർച്ചെ നാലു മണിക്ക് എഴുന്നേറ്റപ്പോൾ ഷമിയെ 19-ാം നിലയുടെ ബാൽക്കെണിയിലാണ് കണ്ടതെന്നും ഉമേഷ് കുമാർ പറഞ്ഞു. 'പുലർച്ചെ വെള്ളം കുടിക്കാൻ നടക്കുമ്പോഴാണ് ഷമിയെ ബാൽക്കണിയിൽ കണ്ടത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഷമിയുടെ കരിയറിലെ ഏറ്റവും നീളം കൂടിയാ രാത്രിയായിരിക്കാം അത്'
ഈ സങ്കടത്തൊപ്പം ഷമിയെ സന്തോഷിപ്പിച്ച മറ്റൊരു കാര്യവും ഉമേശ് കുമാർ പോഡ്കാസ്റ്റിൽ പറയുന്നുണ്ട്. അത് ഒത്തുകളി വിവാദത്തിൽ ഷമിക്ക് ലഭിച്ച ക്ലീൻചിറ്റാണ്. ഞങ്ങൾ സംസാരിച്ചിക്കെയാണ് ആ സന്ദേശം വന്നത്. ഒത്തുകളി വിവാദം അന്വേഷിച്ച സമിതി ക്ലീൻ ചിറ്റ് നൽകിയെന്നായിരുന്നു സന്ദേശം. ലോകകപ്പ് ജയിച്ചാൽ ലഭിക്കുന്നതിനേക്കാൾ സന്തോഷമായിരുന്നു അന്ന് ഷമിക്കെന്നും ഉമേഷ് പറഞ്ഞു.
ഏകദിന ലോകകപ്പിനു ശേഷം പരിക്കിന്റെ പിടിയിലായ ഷമി ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കണങ്കാലിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ഷമി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.