ഒളിംപിക്സിലെ മൂന്നാം വ്യക്തിഗത മെഡല്‍ ലക്ഷ്യമിട്ട് പാരീസിലെത്തിയ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധുവിന് മിന്നുന്ന തുടക്കം. രണ്ട് ഗ്രൂപ്പ് മത്സരങ്ങളും അനായാസം ജയിച്ച് സിന്ധു പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് എസ്തോണിയന്‍ താരം ക്രിസ്റ്റിന്‍ കൂബയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്കോര്‍ 21-5, 21-10. ആദ്യ സെറ്റില്‍ സിന്ധുവിന്‍റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. രണ്ടാം സെറ്റിന്‍റെ തുടക്കത്തില്‍ എസ്തോണിയന്‍ താരം വെല്ലുവിളി ഉയര്‍ത്തി. പക്ഷെ തകര്‍പ്പന്‍ ഷോട്ടുകളുമായി സിന്ധു കളം നിറഞ്ഞതോടെ പിടിച്ചുനില്‍ക്കാനായില്ല.
അടുത്ത റൗണ്ടുകളില്‍ സിന്ധുവിനെ കാത്തിരിക്കുന്നത് കടുത്ത മത്സരങ്ങളാണ്. പ്രീ ക്വാര്‍ട്ടറില്‍ ആറാം സീഡായ ചൈനീസ് താരം ഹി ബിങ് ജിയാഓ ആയിരിക്കും എതിരാളി. ടോക്കിയോ ഒളിംപികിസില്‍ ഈ ചൈനീസ് താരത്തെ തോല്‍പ്പിച്ചായിരുന്നു സിന്ധു വെങ്കലം നേടിയത്. എന്നാല്‍ അവസാനം ഏഷ്യന്‍ ഗെയിംസില്‍ ഏറ്റുമുട്ടിയപ്പോള്‍ സിന്ധു പരാജയപ്പെട്ടു. ക്വാര്‍ട്ടറില്‍ എത്തിയാല്‍, റിയോ ഒളിംപിക്സ് ഫൈനലില്‍ പരാജയപ്പെടുത്തിയ സ്പെയിനിന്‍റെ കരോലിന മെര്‍ലിന്‍ ക്വാര്‍ട്ടറെ എതിരാളിയായി കിട്ടാന്‍ സാധ്യതയുണ്ട്. സെമിഫൈനലില്‍ എത്തിയാല്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ ആന്‍ സെ യങ് എതിരാളിയായി വന്നേക്കും. ഗ്രൂപ്പ് മത്സരങ്ങളിലെ മികച്ച പ്രകടനം ഈ കടുത്ത പോരാട്ടങ്ങളില്‍ സിന്ധുവിന് ആത്മവിശ്വാസം നല്‍കും.