ഒളിംപിക്സില്‍ ബാഡ്മിന്‍റണില്‍ ചൈന ആദ്യമായി സ്വര്‍ണം നേടുമ്പോള്‍ മറ്റൊരു അപൂര്‍വതയ്ക്ക് കൂടി പാരിസ് വേദിയായി. മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ ഹുവാങ് യാക്വിയോങിനെ തേടി സഹതാരവും ബോയ്ഫ്രണ്ടുമായ ലിയു യുചെനിന്‍റെ വിവാഹാഭ്യര്‍ഥന എത്തി. മെഡല്‍ത്തിളക്കത്തില്‍ നില്‍ക്കുന്ന ഹുവാങിന് മുന്നിലേക്ക് പോക്കറ്റില്‍ നിന്നെടുത്ത മോതിരവുമായി മുട്ടുകുത്തി നിന്ന് യുവിന്‍റെ പ്രണയാര്‍ദ്രമായ അഭ്യര്‍ഥന. ലാ ചാപല്‍ അരേന ആര്‍പ്പുവിളികള്‍ കൊണ്ട് പൊട്ടിത്തെറിച്ചു.
മെഡല്‍ കഴുത്തിലേക്ക് ഏറ്റുവാങ്ങിയ ശേഷം ഇറങ്ങാന്‍ തുടങ്ങിയ ഉടനെയാണ് ലിയു കയറി വന്നതും പ്രൊപോസ് ചെയ്തതും. അമ്പരന്ന് പോയ ഹുവാങ് സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി സമ്മതം മൂളി. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇതെന്നും താന്‍ വളരെയധികം സന്തോഷവതിയാണെന്നും ഹുവാങ് പ്രതികരിച്ചു. ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ നേടുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും മുഴുവന്‍ ശ്രദ്ധയും അതില്‍ മാത്രമായിരുന്നുവെന്നും ഹുവാങ് കൂട്ടിച്ചേര്‍ത്തു.
ടോക്കിയോയിലെ വെള്ളിമെഡല്‍ ജേതാവായ ലിയു യൂചെനും പങ്കാളി ഒ സുവാന്‍ യി യും പുരുഷ ഡബിള്‍സില്‍ മല്‍സരിച്ചെങ്കിലും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കൊറിയന്‍ സഖ്യത്തിനെതിരെ ആധികാരികമായ ജയമാണ് മിക്സഡ് ഡബിള്‍സില്‍ ഹുയാങും പങ്കാളി സെന്‍ സി വേയും നേടിയത്. 41 മിനിറ്റ് നീണ്ട മല്‍സരത്തില്‍ കൊറിയന്‍ സഖ്യത്തെ 21–8,21–11 നാണ് സഖ്യം പരാജയപ്പെടുത്തിയത്.