പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ നോവായി നിഷാ ദഹിയ. 68 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരകൊറിയന്‍ താരം സോള്‍ ഗമ്മിനെതിരെ 8–2ന് മുന്നിട്ട് നില്‍ക്കുന്നതിനിടെയാണ് നിഷയ്ക്ക് കൈമുട്ടിന് പരുക്കേറ്റത്. പിന്നാലെ വേദനകൊണ്ട് പുളഞ്ഞ നിഷ ചികില്‍സ തേടിയശേഷം മല്‍സരം പുനരാരംഭിച്ചെങ്കിലും കൊറിയന്‍ താരം ആധിപത്യം ഉറപ്പിച്ചു.
45 സെക്കന്‍ഡിനിടെ ഉത്തരകൊറിയന്‍ താരം 8–8 എന്ന് സ്കോറില്‍ ഒപ്പമെത്തി. കൈമുട്ടിലെ വേദന അലട്ടിയ നിഷ പ്രാഥമിക ചികില്‍സയ്ക്കായി മൂന്നാം ഇടവേളയെടുക്കുമ്പോള്‍ അവശേഷിച്ചത് 13 സെക്കന്‍ഡ് മാത്രം. മല്‍സരം പുനരാരംഭിച്ച നിഷയ്ക്കെതിരെ രണ്ടുപോയിന്റ് കൂടി നേടി ഉത്തരകൊറിയന്‍ താരം സെമിഫൈനലിലെത്തി.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിഷ ദഹിയ കളംവിട്ടത്. മിന്നും ഫോമിലായിരുന്ന നിഷ യൂറോപ്യന്‍ ചാംപ്യനായ യുക്രെയ്ന്‍ താരം തത്യാന റിഷ്കോയെ തോല്‍പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. തോറ്റെങ്കിലും നിഷ ദഹിയയുടെ മെഡല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. ഉത്തരകൊറിയന്‍ താരം ഫൈനലിലെത്തുകയാണെങ്കില്‍ റപ്പഷ റൗണ്ടില്‍ വെങ്കലമെഡലിനായി മല്‍സരിക്കാന്‍ നിഷയ്ക്ക് അവസരം ലഭിക്കും