ഭാരം കുറയ്ക്കാനുള്ള കടുത്ത പരിശീലനത്തിനുശേഷവും ഒളിംപിക് അസോസിയേഷന്‍ പരിശോധനയില്‍ യോഗ്യത ഉറപ്പിക്കാന്‍ വിനേഷ് ഫോഗട്ടിനായില്ല. ഗുസ്തി അമ്പത് കിലോവിഭാഗം ഫൈനലിന് തയ്യാറെടുക്കുമ്പോള്‍ തന്നെ വിനേഷ് ഫോഗട്ടിന് 2കിലോ ഭാരകൂടുതലുള്ളതായി ബോധ്യപ്പെട്ടു. ഇന്ത്യന്‍സംഘം നടത്തിയ പതിവ് പരിശോധനയിലാണ് ഭാരം കൂടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഭാരംകുറയ്ക്കാനായി കഠിനവ്യായാമം തുടങ്ങി. തുടര്‍ച്ചയായുള്ള സൈക്ലിങ്ങും ജോഗിങ്ങും വിനേഷിനെ തളര്‍ത്തി. ഒടുവില്‍ നിര്‍ജലീകരണം നേരിട്ട് ആശുപത്രിയിലായി. ഇതിന് ശേഷം ഇന്ന് ഒളിംപിംക്സ് കമ്മിറ്റി നടത്തിയ ഭാരപരിശോധനയിലാണ് അനുവദനീയമായതിലും കൂടുതല്‍ തൂക്കമുണ്ടെന്ന് കണ്ടെത്തിയത്.
അയോഗ്യയാക്കിയതോടെ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഇന്ന് കലാശപ്പോരിൽ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. അനുവദനീയമായതിലും 100 ഗ്രാം തൂക്കം കൂടുതലുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നാണ് വിവരം. ഫലത്തിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഒളിംപിക് അസോസിയേഷന്‍ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് ഇന്ത്യ . നടപടി പുനപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അസോസിയേഷന്‍ അംഗീകരിച്ചില്ല. കടുത്ത നിരാശയെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. കോച്ചിന് വീഴ്ച വന്നോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രകായികമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ ആവേശം നിറഞ്ഞ സെമിയിൽ ക്യൂബയുടെ യുസ്നെയ്‌ലിസ് ഗുസ്മൻ ലോപസിനെ 5–0ന് വിനേഷ് മലർത്തിയടിച്ചാണ് വിനേഷ് ഫൈനലിൽ കടന്നത്. നിലവിലുള്ള സ്വർണ ജേതാവ് ജപ്പാൻ താരം യുയി സുസാക്കിയടക്കം വൻതാരങ്ങളെ ഒന്നിനു പിറകെ കീഴടക്കിയാണ് ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി വിനേഷ് ചരിത്രം സൃഷ്ടിച്ചത്. ഇന്നു രാത്രി നടക്കുന്ന ഫൈനലിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറ്റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്. നേരത്തേ, കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണവും 8 ഏഷ്യൻ ചാംപ്യൻഷിപ് മെഡലുകളും വിനേഷ് നേടിയിട്ടുണ്ട്.