വൈരങ്ങളെല്ലാം മായ്ച്ച് കളയാന്‍ ഒരു ചിരി, ഒരു നല്ല വാക്ക് അതുമതിയെന്ന് അമ്മ മനസിനോളം അറിയുന്നത് ലോകത്താര്‍ക്കാണ്? പാരിസ് ഒളിംപിക്സ് ജാവലിനില്‍ നീരജിനെ പിന്നിലാക്കി സുഹൃത്തും പാക്കിസ്ഥാന്‍കാരനുമായ അര്‍ഷാദ് നദീം സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ നീരജിന്‍റെ അമ്മ സരോജ് ദേവി നടത്തിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നീരജിന് വെള്ളി കിട്ടിയതില്‍ സന്തോഷമെന്നും അതേപോലുള്ള സന്തോഷം തന്നെയാണ് നദീമിന്‍റെ കാര്യത്തിലും ഉള്ളതെന്നും സരോജ് പറയുന്നു.
'വൊ ഭി ഹമാര ലഡ്കാ ഹെ' എന്നായിരുന്നു സ്നേഹം തുളുമ്പുന്ന വാക്കുകള്‍. സരോജിന്‍റെ സ്നേഹം അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലുമെത്തി. നിരവധിപ്പേരാണ് പ്രശംസിച്ച് കുറിപ്പുകളിട്ടത്. നീരജിന്‍റെയും നദീമിന്‍റെയും സൗഹൃദത്തെയും സമൂഹമാധ്യമങ്ങള്‍ പുകഴ്ത്തുന്നുണ്ട്.
താന്‍ ആദ്യമായാണ് നദീമിനോട് തോല്‍ക്കുന്നതെന്ന് മല്‍സരശേഷം നീരജ് പ്രതികരിച്ചു. 'ഞാനെന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സമയം. പക്ഷേ നദീമിന്‍റെ ദിവസമായിരുന്നു. അത് ഞാന്‍ അംഗീകരിക്കുന്നു'. പാരിസില്‍ താണ്ടിയതിനെക്കാള്‍ വലിയ ദൂരം താണ്ടിയല്ലാതെ വിശ്രമമില്ലെന്നും നീരജ് പറഞ്ഞു.
സീസണിലെ ഏറ്റവും മികച്ചതും കരിയറിലെ മികച്ച രണ്ടാമത്തെയും പ്രകടനമാണ് നീരജ് പാരിസില്‍ പുറത്തെടുത്തത്. ആദ്യശ്രമം ഫൗളായെങ്കിലും രണ്ടാം ശ്രമത്തില്‍ 89.45 മീറ്റര്‍ ദൂരമാണ് നീരജ് കുറിച്ചത്. പിന്നീട് തുടര്‍ച്ചയായ നാല് ഫൗളുകള്‍. പാക്കിസ്ഥാന്‍റെ ആദ്യ വ്യക്തഗത ഒളിംപിക് സ്വര്‍ണം കൂടിയായി നദീമിന്‍റെ നേട്ടം. ആദ്യശ്രമത്തില്‍ തന്നെ 92.97 കടന്ന നദീം സ്വപ്നസമാനമായ നേട്ടമാണ് സ്വന്തമാക്കിയത്. വെങ്കലമെഡല്‍ 88.54 മീറ്റര്‍ എറിഞ്ഞ ആന്‍ഡേഴ്സണ്‍ പീറ്ററിനാണ്.