ഒളിംപിക്സ് ജാവിലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷാദ് നദീമിനെ അഭിനന്ദിച്ചുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ എക്സ് പോസ്റ്റിന് രൂക്ഷവിമർശനം. അർഷാദ് നദീമിന് ചെക്ക് നല്‍കുന്ന ചിത്രം പോസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് വിമർശനം ഉയരുന്നത്. ചെക്കിൽ കാണുന്ന തുകയ്ക്ക് അർഷാദിന് വിമാന ടിക്കറ്റ് പോലും എടുക്കാനാകില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ വിമർശിച്ചു.
'ചരിത്രം പിറന്നിരിക്കുന്നു. അർഷാദ് സ്വർണം കൊണ്ടുവരുന്നു. നിങ്ങൾ ഈ രാജ്യത്തിന് മുഴുവൻ അഭിമാനമാണ്' എന്നിങ്ങനെയായിരുന്നു ഷെഹ്ബാസ് ഷെരീഫിൻറെ പോസ്റ്റ്. ഇതിൽ അർഷാദ് നദീമിൻറെയും നദീമിന് ഷെഹ്ബാസ് ഷെരീഫ് 10 ലക്ഷം പാകിസ്താൻ രൂപയുടെ ചെക്ക് സമ്മാനിക്കുന്നതുമായ ചിത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെയാണ് എക്സിൽ കമൻറുകൾ.
താരത്തെ മനസറിഞ്ഞ് അഭിനന്ദിക്കണം. ആദ്യം ഈ ചിത്രം ഒഴിവാക്കൂ എന്നാണ് ഡാനിഷ് കനേരിയ എക്സിൽ കുറിച്ചത്. 'ഈ തുക കൊണ്ട് യഥാർഥത്തിലൊന്നും ചെയ്യാനാകില്ല. വിമാനടിക്കറ്റിന് പോലും തികയില്ല. അത് അർഷാദിനും രാജ്യത്തിനും നാണക്കേടാണ്' എന്നാണ് കനേരിയയുടെ കുറിപ്പ്. 10 ലക്ഷം പാകിസ്താൻ രൂപയെന്നാൽ ഏകദേശം 3ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. എത്തിഹാദ് എയർവെയ്സിന്റെ ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കിയാൽ ലാഹോറിൽ നിന്ന് പാരിസിലേക്ക് പോയിവരാൻ 2,43,069 പാകിസ്താൻ രൂപ (74,000 ഇന്ത്യൻ രൂപ) ആവശ്യമായി വരും. പ്രധാനമന്ത്രിയുടെ പോസ്റ്റിനതാഴെ വിമർശനക്കുറിപ്പുകളുടെ വേലിയേറ്റമാണ്.
'ഇവരുടെ മാനസികാവസ്ഥ നോക്കൂ.. എങ്ങനെ 10 ലക്ഷം രൂപ നൽകിയ ചിത്രം പങ്കുവെയ്ക്കാൻ തോന്നുന്നു' എന്നാണ് ഫഹദ് എന്നയാളുടെ കമൻറ്. 'മിസ്റ്റർ പ്രധാനമന്ത്രി അദ്ദേഹത്തെ ഭംഗിയായി അഭിനന്ദിക്കു അദ്ദേഹം ചെയ്തത് വിലമതിക്കാനാവാത്ത കാര്യമാണ് എന്നാണ്' ഖുറാം അൻസാരി കുറിച്ചത്.
അർഷാദ് നദീമിന്റെ സമ്മാനത്തുക എത്ര?
ഒളിംപിക്സിൽ സ്വർണം നേടിയൊരു താരത്തിന് 42 ലക്ഷം ഇന്ത്യൻ രൂപയ്ക്കടുത്തുള്ള തുക സമ്മാനമായി ലഭിക്കുമെന്നാണ് കണക്ക്. ഇതടക്കം 150 മില്യൺ പാകിസ്താൻ രൂപ (4.50 കോടി ഇന്ത്യൻ രൂപ)യ്ക്ക് അടുത്തുള്ള തുകയാണ് നദീമിന് ആകെ സമ്മാനമായി ലഭിക്കുക. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസ് 100 മില്യൺ പാക് രൂപയും , ഗവർണർ 20ലക്ഷം പാകിസ്ഥാൻ രൂപയും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. 92.97 മീറ്റർ ദൂരം എറിഞ്ഞ് ഒളിംപിക്സ് റെക്കോർഡോടെയാണ് അർഷാദ് സ്വർണം നേടിയത്. മുൻ ഒളിംപിക്സ് ചാംപ്യനായ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കാണ് (89.45 മീറ്റർ) വെള്ളി. 32 വർഷത്തിന് ശേഷമാണ് പാകിസ്താന് ഒളിംപികിസിൽ സ്വർണം നേടുന്നത്.