പാരീസ് ഒളിമ്പിക്സിനുശേഷം ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തും. മെഡൽ നഷ്ടപ്പെട്ട വേദനയോടെയാണ് മടക്കമെങ്കിലും മെഡൽ ജേതാവിനെപ്പോലെ വൻസ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് ജന്മനാട്. അതേസമയം, വിരമിക്കല്‍ പ്രഖ്യാപനം മാറ്റിയെന്ന സൂചനയുമായി വിനേഷ് വികാരഭരിതമായ കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

ഫൈനലിന് തൊട്ടുമുന്‍പ് അയോഗ്യയാക്കപ്പെട്ടതിന്‍റെയും മെഡലിനായുള്ള അപ്പീല്‍ കോടതി തള്ളിയതിന്‍റെയുമൊക്കെ വേദനകളോടെയാണ് വിനേഷ് ഫോഗട്ട് പാരിസില്‍ നിന്ന് മടങ്ങിയെത്തുന്നത്. മെഡല്‍ സ്വന്തമാക്കിയില്ലെങ്കിലും പോരാളിയായ വിജയിയെന്ന ആരവങ്ങളുമായി ഡൽഹി വിമാനത്താവളം മുതൽ സ്വദേശമായ ഹരിയാനയിലെ ബലാലി വരെ വിനേഷിനെ വരവേൽക്കും. അതിനിടെ, രാജ്യാന്തര കോടതി അപ്പീല്‍ തള്ളിയതിന് ശേഷം ആദ്യമായി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച വിനേഷ്, ദൗര്‍ഭാഗ്യകരമായ സാഹചര്യത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും 2032 വരെ ഗുസ്തിയില്‍ തുടര്‍ന്നേക്കുമെന്നും വ്യക്തമാക്കി. കുട്ടിക്കാലത്തെ സ്വപ്നങ്ങള്‍, പിതാവിന്‍റെ മരണശേഷമുണ്ടായ ബുദ്ധിമുട്ടുകള്‍,പാരിസിലെ ഹൃദയഭേദകമായ സാഹചര്യം എന്നിവയെക്കുറിച്ചെല്ലാം വിനേഷ് തുറന്നുപറയുന്നുണ്ട്. പരിശീലകനും ടീം മാനേജ്മെന്‍റിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദിയറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം, ഫൈനലിന് തലേന്ന് ഭാരം  കുറയ്ക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ വിവരിച്ചുകൊണ്ട് വിനേഷിന്‍റെ പരിശീലകന്‍ വോളര്‍ അകോസ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. രാത്രിയിലെ കടുത്ത പരിശ്രമങ്ങള്‍ക്കിടെ വിനേഷ് തളര്‍ന്നുവീണെന്നും അവള്‍ മരിച്ചുപോയേക്കാമെന്ന് ഭയപ്പെട്ടെന്നും പരിശീലകന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഹംഗേറിയന്‍ ഭാഷയിലെഴുതിയ കുറിപ്പ് പിന്നീട് ഡിലീറ്റ് ചെയ്തു.

ENGLISH SUMMARY:

After the paris olympics wrestler Vinesh Phogat will return to Delhi today