Image Credit: x/Jaspritbumrah93

തൻറെ ഇഷ്ട ക്യാപ്റ്റനെ പറ്റി തുറന്ന് പറഞ്ഞ്  ഇന്ത്യൻ ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്ര. ധോണി, കോലി, രോഹിത്, സമീപ കാല ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ആരാണ് ടോപ്പ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമാകും. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ലെ ചാംപ്യൻഷിപ്പ് ട്രോഫി എന്നിവ ഇന്ത്യ നേടിയത് ധോണിക്ക് കീഴിലായിരുന്നു. ഇന്ത്യയെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് എത്തിച്ചത് കോലി നായകനായപ്പോഴാണ്. 2024 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും. ഇന്ത്യ കണ്ട മൂന്ന് മികച്ച നായകന്മാർക്കും കീഴിൽ കളിച്ച പേസർ ജസ്പ്രീത് ബുമ്രയോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം അൽപം തമാശ കലർന്നതാകും. 

ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നൽകിയ  അഭിമുഖത്തിൽ ബുമ്ര മൂന്ന് ക്യാപ്റ്റൻമാർക്ക് കീഴിലുള്ള കാലത്തെ വിലയിരുത്തുന്നുണ്ട്. ബൗളർമാരെ പരിഗണിക്കുന്ന ക്യാപ്റ്റനാണ് രോഹിത് ശർമയെന്ന് ബുമ്ര പറയുന്നു. 'ഒരു ബാറ്റ്സ്മാനാണെങ്കിലും ബൗളർമാരോട് രോഹിതിന് സഹാനുഭൂതിയുണ്ട്. താരങ്ങളുടെ വികാരം എന്താണെന്ന് അദ്ദേഹം മനസിലാക്കും. രോഹിത് കർക്കശക്കാരനല്ലെന്നും ബുമ്ര പറഞ്ഞു.

പ്ലാനിങിൽ അധികം വിശ്വസിക്കാത്ത ക്യാപ്റ്റനായിരുന്നു ധോണി. സ്വാഭാവികമായുണ്ടാകുന്ന തീരുമാനങ്ങളായിരുന്നു ധോണിയുടേത് ധോണിക്കു കീഴിൽ കളിക്കുമ്പോൾ ഒരു സുരക്ഷിതത്വ ബോധമുണ്ടായിരുന്നെന്നും ബുമ്ര പറഞ്ഞു. ക്യാപ്റ്റനല്ലെങ്കിലും പലരീതിയിൽ ടീമിനെ നയിക്കുന്നയാളാണ്  കോലി. ഫിറ്റ്നസിൽ കോലി ഒരുപാട് ശ്രദ്ധിക്കും. ടീമംഗങ്ങളെയും അതിൻറെ ഭാഗമാക്കി ഫിറ്റനസിനോടുള്ള കാഴ്ചപാട് തന്നെ അദ്ദേഹം മാറ്റി. 

മൂന്ന് നായകർക്ക് കീഴിലുള്ള കാലവും വിലയിരുത്തിയ ബുമ്ര മൂന്നുപേരെയും മികച്ച നായകൻമാരായി കാണുന്നു. എങ്കിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ആര്? ബുമ്രയുടെ കാഴ്ചപ്പാടിൽ അത് മറ്റാരുമല്ല സ്വയം, ജസ്പ്രീത് ബുമ്ര തന്നെ. 

ENGLISH SUMMARY:

Jasprit Bumrah choose his favourite captain and says about Dhoni, Kohli and Rohit's captaincy