പാരിസ് ഒളിംപിക്സില്‍ രാജ്യത്തിനായി മെഡല്‍ സ്വന്തമാക്കിയ താരങ്ങളുമായി സന്തോഷം പങ്കിട്ടുള്ള പ്രധാനമന്ത്രിയുടെ വിഡിയോ പുറത്ത്. സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് ശേഷമായിരുന്നു ഒളിംപിക്സ് ജേതാക്കളുമായി മോദിയുടെ കൂടിക്കാഴ്ച. പാരിസില്‍ എ.സി ഇല്ലാത്തതിന്‍റെ പേരില്‍ അവിടെ ഇരുന്ന് എന്നെ ആരൊക്കെ പ്രാകിയെന്ന് അറിഞ്ഞാല്‍ കൊള്ളാമെന്ന മോദിയുടെ വാക്കുകള്‍ കായിക താരങ്ങളില്‍ ചിരി പടര്‍ത്തി.
'പാരിസില്‍ എ.സി ഇല്ലായിരുന്നു. ചൂടും അതി കഠിനമായിരുന്നു. എനിക്കിത്രയുമേ അറിയേണ്ടതുള്ളൂ..മോദി വല്യ വര്‍ത്താനം പറഞ്ഞിട്ട് എ.സി. റൂമുമില്ല, ഒന്നുമില്ല, നമ്മളെന്ത് ചെയ്യുമെന്ന് പറഞ്ഞ് ആദ്യം കരഞ്ഞത് ആരാണെ'ന്നായിരുന്നു മോദിയുടെ ചോദ്യം. പ്രകൃതി സൗഹാര്‍ദ ഒളിംപിക്സ് കൂടിയാണ് പാരിസില്‍ നടന്നത്. അതുകൊണ്ട് തന്നെ ഗെയിംസ് വില്ലേജില്‍ ഒരിടത്തും എ.സി. റൂമുകളുണ്ടായിരുന്നില്ല. ഇതോടെ 40 എ.സികളാണ് കായികതാരങ്ങള്‍ക്കായി സര്‍ക്കാര്‍ അടിയന്തരമായി എത്തിച്ചത്.
ലക്ഷ്യ സെനിന്നെ താനാദ്യമായി കാണുമ്പോള്‍ കുട്ടിയായിരുന്നുവെന്നും ഇപ്പോള്‍ വല്യ സെലിബ്രിറ്റി ആയിപ്പോയെന്നും മോദി പറഞ്ഞു. മല്‍സരം കഴിയുന്നത് വരെ ഫോണ്‍ ഉപയോഗിക്കാന്‍ കോച്ചായിരുന്ന പ്രകാശ് പദുക്കോണ്‍ അനുവദിച്ചിരുന്നില്ലെന്നും ഇതോടെയാണ് ആശംസകളറിയിച്ചത് താന്‍ അറിയാതിരുന്നതെന്നും ലക്ഷ്യ മറുപടിയും നല്‍കി. എന്നാല്‍ അടുത്ത തവണയും പ്രകാശിനെ തന്നെ ഒപ്പം അയയ്ക്കുമെന്നായിരുന്നു മോദിയുടെ രസകരമായ പ്രതികരണം.
പത്തുപേരുമായി ബ്രിട്ടനെ നേരിട്ടപ്പോള്‍ എന്തായിരുന്നു ഹോക്കി താരങ്ങളുടെ മനസിലെന്നായിരുന്നു പ്രധാനമന്ത്രിക്ക് അറിയേണ്ടിയിരുന്നത്. ആദ്യ പാദത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ ഗൗരവം മനസിലായെന്നും കോച്ചിന്‍റെ പിന്തുണ മാനസികമായി കളിക്കാരെ ബലപ്പെടുത്തിയെന്നും ഹര്‍മന്‍പ്രീത് മറുപടി നല്‍കി. പിന്നെ ബ്രിട്ടനാണ് എതിരാളിയെന്നത് വീര്യം വര്‍ധിപ്പിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒളിംപിക്സിന്‍റെ ചരിത്രത്തില്‍ പത്തുപേരുമായി 42 മിനിറ്റ് കളിച്ച് ജയിക്കുന്ന ആദ്യ ടീമാണ് ഇന്ത്യയെന്നും താരം പറഞ്ഞു.
പാരിസ് ഒളിംപിക്സ് ഇന്ത്യയ്ക്ക് ഭാവിയിലേക്ക് പുത്തന്‍ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നല്‍കുന്നതെന്ന് മോദി പറഞ്ഞു. 117 അംഗ സംഘം ആറുമെഡലുകളുമായാണ് മടങ്ങി വന്നത്. ടോക്കിയോ ഒളിംപിക്സില്‍ ഒരു സ്വര്‍ണമുണ്ടായിരുന്നുവെങ്കില്‍ ഇക്കുറി അതില്ല. 2036 ല്‍ ഒളിംപിക്സ് ഇന്ത്യയില്‍ നടത്താനാണ് ശ്രമമെന്നും അതിനായുള്ള പ്രയത്നം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മെഡല്‍ നഷ്ടമായവര്‍ അതില്‍ ഇനിയും സങ്കടപ്പെടരുതെന്നും നിങ്ങളെല്ലാം രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തിയവരാണെന്നും മോദി പറഞ്ഞു. സ്പോര്‍സില്‍ ആരും പരാജയപ്പെടുന്നില്ലെന്നും ഓരോ തവണയും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നും അദ്ദേഹം പ്രചോദിപ്പിച്ചു. കായിക താരങ്ങള്‍ 2036 ഒളിംപിക്സിലേക്കുള്ള ഇന്ത്യയുടെ ധീര സൈന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.