തുടർച്ചയായ രണ്ട് ഒളിംപിക്സിലും മെഡൽ നേടിയ നീരജ് ചോപ്ര, 22-ാം വയസിൽ മനു ഭാക്കറിന്റെ ഇരട്ട വെങ്കലം, ഫൈനലിൽ പുറത്താക്കപ്പെട്ടെങ്കിലും വിറോടെ പൊരുതിയ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന്റെ പ്രകടനം. പാരിസിൽ മിന്നും പ്രകടനം നടത്തിയ  ഇന്ത്യൻ താരങ്ങളുടെ ബ്രാൻഡ് മൂല്യത്തിൽ വലിയ കുതിപ്പെന്നാണ് റിപ്പോർട്ട്. 

മെഡൽ നേടിയില്ലെങ്കിലും രാജ്യത്തിൻറെ അഭിമാനമായി മാറിയ ഗുസ്തി താരം വിനേഷ് ഫോഗാട്ടിനെ 15 ബ്രാൻഡുകളാണ് സമീപിച്ചത്. മനു ഭാക്കറിനെ 40 ബ്രാൻഡുകൾ സമീപിച്ചെന്നാണ് താരത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയത്. ​ഗുസ്തി താരമായ വിനേഫ് ഫോഗട്ട് പാരിസ് ഒളിംപിക്സിന് മുൻപ് ഒരു വർഷത്തെ കരാറിന് ഈടാക്കിയത് 25 ലക്ഷം രൂപയായിരുന്നു. ഇന്നിത് 1 കോടി രൂപയാക്കി ഉയർത്തി. ഒളിംപികിസിന് മുൻപ് തന്നെ ഫോഗട്ടുമായി സ്പോർട്ട് വെയർ കമ്പനിയായ നൈക്കി കരാറിലെത്തിയിരുന്നു. 

രണ്ട് വെങ്കലം നേടിയ മനു ഭാക്കർ നേരത്തെ 25 ലക്ഷം രൂപയായിരുന്നു ഒരു വർഷത്തെ കരാറിന് ഈടാക്കിയിരുന്നത്. ഇന്നിത് 1.50 കോടി രൂപയാണ്. ഈ തുകയ്ക്കാണ് സോഫ്റ്റ് ഡിങ്ക്സ് കമ്പനിയായ  തംപ്സ് അപ്പ് താരവുമായി കരാറിലെത്തിയത്. വെള്ളി നേടിയ നീരജ് ചോപ്രയും ബ്രാൻഡ് മൂല്യം ഉയർത്തി. രാജ്യത്ത് ക്രിക്കറ്റ് താരങ്ങളെ മാറ്റി നിർത്തിയാൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യുവുള്ള കായികതാരമാണ് നീരജ് ചോപ്ര. 

ഒളിംപിക്സിന് ശേഷം 40 ശതമാനത്തോളം ബ്രാൻഡ് വാല്യു ഉയർന്ന് 330 കോടി രൂപയിലെത്തി എന്നാണ് വാല്യുവേഷൻ സർവീസ് നൽകുന്ന ആഗോള സാമ്പത്തിക സ്ഥാപനമായ ക്രോളിന്റെ വിലയിരുത്തൽ . 2023 വരെ 29.6 മില്യൺ ഡോളറായിരുന്ന ആയിരുന്ന ബ്രാൻഡ് മൂല്യം 40 മില്യൺ ഡോളറിലെത്തി. നിലവിൽ ഇന്ത്യൻ ആർമിയിൽ സുബേദാർ പദവി വഹിക്കുന്നയാളാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സിന് മുൻപ് നീരജിൻ്റെ ബ്രാൻഡ് മൂല്യം ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടേതിന് സമാനമായിരുന്നു. പുതിയ കണക്ക് പ്രകാരം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെ നീരജിന് മറികടക്കാം

ENGLISH SUMMARY:

After Paris Olympic Indian players brand value soars. Neeraj Chopra make huge impact as surge in 30-40 percentage. Vinesh Phogat earn 1 Crore for one year contract and Manu Bhaker get 1.50 Crore.