ഗുജറാത്തില്‍ പെയ്ത കനത്ത മഴയില്‍ നഗരങ്ങളില്‍ പലയിടത്തും പ്രളയ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. വഡോദരയില്‍ വിശ്വാമിത്രി നദി കരകവിഞ്ഞ് ഒഴുകിയതോെട താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പ്രളയത്തില്‍പ്പെട്ട് കുടുങ്ങി പോയവരില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം രാധാ യാദവും ഉണ്ടായിരുന്നു.
ഈ വരുന്ന വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തില്‍ രാധാ യാദവും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രളയത്തില്‍ കുടുങ്ങിയ രാധാ യാദവിനെ എന്‍ഡിആര്‍എഫ് സംഘം ആണ് രക്ഷിച്ചത്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
വളരെ മോശം സാഹചര്യത്തിലാണ് ഞങ്ങള്‍ കുടുങ്ങി പോയത്. ഞങ്ങളെ രക്ഷിച്ചതിന് എന്‍ഡിആര്‍എഫ് സംഘത്തിന് നന്ദി, രാധാ യാദവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ബോട്ടുകളിലെത്തിയാണ് എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
യുഎഇയിലാണ് വനിതാ ട്വന്റി20 ലോകകപ്പ്. ഓസ്ട്രേലിയ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളെയാണ് ഗ്രൂപ്പ് എയിലെ പോരില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നേരിടേണ്ടത്. ട്വന്റി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനും എതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കും.