Image: X

ഫോര്‍മുല വണ്‍ ലോക ചാംപ്യനായിരുന്ന മൈക്കല്‍ ഷൂമാക്കര്‍ വീണ്ടും പൊതുവേദിയില്‍. മകള്‍ ഗിനയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് ഷൂമാക്കര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൂട്ടുകാരന്‍ ഇയാന്‍ ബെത്തിനെയാണ് ഗിന സ്പെയിന്‍ വച്ച് നടന്ന ചടങ്ങില്‍ വിവാഹം കഴിച്ചത്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. പങ്കെടുക്കാനെത്തിയവര്‍ക്ക് ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവാദമുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണുകള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിച്ച് വച്ചതിന് ശേഷമായിരുന്നു വിവാഹ വേദിയിലേക്ക് കടത്തിവിട്ടത് പോലും. 

ഏഴുതവണ ലോക എഫ്–1 ചാംപ്യനായ ഷൂമാക്കര്‍ 2013ലാണ് അപകടത്തെ തുടര്‍ന്ന് മല്‍സരരംഗത്ത് നിന്നും വെള്ളി വെളിച്ചത്തില്‍ നിന്നും ഉള്‍വലിഞ്ഞത്. ഫ്രാന്‍സിലെ ആല്‍പ്സില്‍ സ്കീയിങ് നടത്തുന്നതിനിടെ ഷൂമാക്കര്‍ തലയടിച്ച് വീഴുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റതോടെ ഓര്‍മകളും നശിച്ചു. പിന്നീട് ഷൂമാക്കറുടെ ആരോഗ്യത്തെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചുവെങ്കിലും കുടുംബം അതെല്ലാം നിഷേധിച്ചു. തീര്‍ത്തും സ്വകാര്യജീവിതമായിരുന്നു പിന്നീട് ഷൂമാക്കറിന്‍റേത്.  

ഷൂമാക്കര്‍ അത്ര നല്ല അവസ്ഥയില്‍ അല്ലെന്നായിരുന്നു ഉറ്റ സുഹൃത്തും ഫോര്‍മുല വണ്‍ മുന്‍ ലോക ചാംപ്യനുമായ സെബാസ്റ്റന്‍ വിറ്റലും വെളിപ്പെടുത്തിയിരുന്നത്. ഷൂമാക്കറുടെ ആരോഗ്യനില വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് കുടുംബത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഷൂമാക്കറുടെ ആരോഗ്യത്തെ കുറിച്ച് ഇതിലും നല്ല വിവരം പങ്കുവയ്ക്കാനില്ലെന്നായിരുന്നു ഷൂമാക്കര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വാര്‍ത്ത സ്ഥിരീകരിച്ച് കുടുംബത്തിന്‍റെ പ്രതികരണം. 

1991ൽ ജോർദൻ ടീമിനു വേണ്ടിയാണ് ഷുമാക്കര്‍ എഫ് വണ്ണിൽ അരങ്ങേറുന്നത്. 1996ൽ ഭാഗ്യ ടീമായ ഫെറാറിയിലെത്തി. 2000 മുതൽ 2004 വരെ എഫ് വൺ സർക്യൂട്ടിൽ ഷൂമാക്കര്‍ക്ക് എതിരാളികൾ ഇല്ലായിരുന്നു. 2004ൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയമെന്ന (13) റെക്കോർഡോടെ കിരീടം നേടി. 2005 ല്‍ റെനോയുടെ സ്പാനിഷ് താരം ഫെര്‍ണാണ്ടോ അലെന്‍സോയ്ക്ക് മുന്നിലാണ് ഷൂമാക്കര്‍ക്ക് പരാജയമറിഞ്ഞത്. പിന്നീട് കിരീട നേട്ടത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. 

ENGLISH SUMMARY:

Michael Schumacher 'Seen In Public' 1st Time In 11 Years After Skiing Accident. He was 'seen in public' first time since the accident for his daughter Gina's wedding with her boyfriend Iain Bethke. Foremer F1 world champion met with a life-threatening skiing accident in 2013 at the French Alps.