ഉദ്ഘാടനത്തിന് മുന്‍പ് തന്നെ സംസ്ഥാന സ്കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ ആരംഭിച്ചു. ചെസ് മത്സരവും ഷൂട്ടിംങുമാണ് ആരുമറിയാതെ സംഘടിപ്പിച്ചത്. നവംബര്‍ നാലിന് മഹാരാജാസ് കേളേജ് ഗ്രൗണ്ടിലാണ് സ്കൂള്‍ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം.
സംസ്ഥാന സര്‍ക്കാര്‍ ഉദേശിച്ച ഒളിംപിക്സ് മാതൃകയിലുള്ള സ്കൂള്‍ കായിക മേള ഇങ്ങനെയാണ്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്‍പ് തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ചെസ് മത്സരവും ഷൂട്ടിംങും നടന്നത് മാധ്യമങ്ങള്‍ പോലും അറിയാതെയാണ്. നവംബര്‍ നാലിന് മഹാരാജാസ് കേളേജ് ഗ്രൗണ്ടില്‍ ഔദ്യോഗികമായി ആരംഭിക്കേണ്ട സ്കൂള്‍ കായിക മേളയിലെ ഇനങ്ങളാണ് ഒരാഴ്ച മുന്‍പ് തന്നെ സംഘടിപ്പിച്ചിരിക്കുന്നത്. കോതമംഗലം എം.എ കേളേജ് ഷൂട്ടിംങ് റേഞ്ചില്‍ നവംബര്‍ 5,6 തീയതികളില്‍ നടക്കേണ്ട ഷൂട്ടിംങ് മത്സരമാണ് ആദ്യം സംഘടിപ്പിച്ചത്. കൊച്ചി കടവന്ത്ര റീജണല്‍ സ്പോര്‍സ് സെന്‍ററിലെ ഷൂട്ടിംങ് റേഞ്ചിലാണ് ആരുമറിയാതെ മത്സരം സംഘടിപ്പിച്ചത്. പിന്നാലെ ചെസ് മത്സരവും നടത്തി. നവംബര്‍ 9,10 തീയതികളില്‍ നടത്തേണ്ട ചെസ് മത്സരമാണ് ഇന്നലെ സംഘടിപ്പിച്ചത്. വേദിയില്‍ മാത്രം മാറ്റം വരുത്തിയില്ല. ആദ്യം നിശ്ചയിച്ചിരുന്ന തീയതിയില്‍ ദേശീയ ചെസ് മത്സരം നടക്കുന്നതിനാലാണ് ചെസ് മത്സരം നേരത്തെയാക്കിയതെന്നാണ് സംഘാടകരുടെ വിശദീകരണം. വേദിയുമായി ബന്ധപ്പെട്ട അസൗകര്യമാണ് ഷൂട്ടിംങ് മത്സരം നേരത്തെ ആക്കാന്‍ കാരണമായി പറയുന്നത്. എയര്‍ പിസ്റ്റള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കായിക മേളയുടെ ആദ്യ സ്വര്‍ണം തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി അതുല്യ.എസ് നായര്‍ക്കാണ് ലഭിച്ചത്.