താനിനി ലക്ഷ്യം വയ്ക്കുന്നത് മുന്‍ ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സണ്‍ന്റെ നേട്ടമാണെന്നും അദ്ദേഹവുമായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും ലോക ചെസ് ചാമ്പ്യന്‍ ദൊമ്മരാജു ഗുകേഷ്. മുന്‍ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഗുകേഷ്. എന്നാല്‍ ഇനി അത്തരമൊരു മത്സരത്തിനില്ലെന്നായിരുന്നു മുന്‍ ലോക ചാംപ്യന്‍ മാഗ്നസ് കാള്‍സണ്‍ന്റെ പ്രതികരണം.
‘അദ്ഭുതകരമായ ഒരു നേട്ടമാണ് ഗുകേഷിന്റെത്. ആദ്യം ഫൈഡ് സർക്യൂട്ടിൽ താഴ്ന്ന നിലയിലായിരുന്നുവെങ്കിലും പിന്നീട് ടൂര്‍ണമെന്റ് തിരിച്ചുപിടിച്ചു. തുടർന്ന് പിന്നാലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ അത്ഭുതകരമായ പ്രകടനമാണ് ഗുകേഷ് കാഴ്ചവെച്ചതെന്നും കാള്‍സണ്‍ ഗെയിമിനെ വിശകലനം ചെയ്തുപറഞ്ഞു. മത്സരഗതി ഏറെ ആകാംക്ഷയോടെയാണ് താന്‍ വീക്ഷിച്ചത്. അപ്രതീക്ഷിത നീക്കങ്ങളും ചലനങ്ങളും സംഭവിച്ചു.
ഒരു ഘട്ടത്തില്‍ വളരെ ഈസിയായി ഗുകേഷ് മത്സരം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നെ കടുപ്പമേറിയ നീക്കങ്ങളാണ് കണ്ടത്. മറ്റൊരു ഘട്ടമെത്തിയപ്പോള്‍ അതിവേഗത്തില്‍ വിജയം കൈപ്പിടിയിലാക്കിയെന്നും കാള്‍സണ്‍ പറഞ്ഞു. 2013ല്‍ ലോക ചാംപ്യനായ കാള്‍സണ്‍ 2023ലെ മത്സരം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ലോക ചാംപ്യന്‍പട്ടം നേടിയെന്നതിന്റെ അര്‍ഥം മികച്ച പ്ലയര്‍ എന്നല്ല എന്നും അത് മാഗ്നസ് കാള്‍സണ്‍ തന്നെയാണെന്നും ഗുകേഷ് മത്സരശേഷം പറഞ്ഞു. അദ്ദേഹത്തിന്റെ നേട്ടങ്ങളാണ് താന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇനി അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഗുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.