ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നൊവാക് ജോക്കോവിച്ചിന് എതിരാളി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ കൗമാരതാരം നിശേഷ് ബസവറെഡ്ഡി. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ ജോക്കോവിച്ച് – അല്‍ക്കരാസ് പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ കാണാം. ഞായറാഴ്ച മുതലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍.
11–ാം ഓസ്ട്രേലിയന്‍ ഓപ്പണും 25–ാം ഗ്രാന്‍സ്ലാം കിരീടവും ലക്ഷ്യംവയ്ക്കുന്ന നൊവാക് ജോക്കോവിച്ചിന് മുന്നിലേക്കാണ് ആദ്യ ഗ്രാന്‍സ്ലാം മല്‍സരത്തിനായി 19കാരന്‍ ബസവറെഡ്ഡി ഇറങ്ങേണ്ടത്. കഴിഞ്ഞ വര്‍ഷം പ്രഫഷണല്‍ താരമായ നിശേഷ്, ലോകറാങ്കില്‍ 113–ാം സ്ഥാനത്താണ്. യുഎസ് ഓപ്പണ്‍ യോഗ്യതാടൂര്‍ണമെന്റില്‍ മല്‍സരിച്ചെങ്കിലും മൂന്നാം റൗണ്ടില്‍ പുറത്തായി. പിന്നീട് കളിച്ച 34 ചലഞ്ചര്‍ മല്‍സരങ്ങളില്‍ 28ലും വിജയിച്ചതോടെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ് വൈല്‍ഡ് കാര്‍ഡിലൂടെ അവസരം ലഭിച്ചത്. 1999ല്‍ ആന്ധ്രാപ്രദേശില്‍ നിന്നാണ് നിശേഷിന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്. സ്റ്റാന്‍ഫഡ് സര്‍വകലാശാല വിദ്യാര്‍ഥിയാണ് നിശേഷ്.
ഒരു ഗ്രാന്‍സ്ലാം കിരീടവും ഇല്ലാതെയാണ് ജോക്കോവിച്ച് 2024 അവസാനിപ്പിച്ചത്. ഇക്കുറി ആന്‍ഡി മറെയാണ് ജോക്കോവിച്ചിന്റെ പരിശീലകന്‍. അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോക്കോവിച്ചിന് കാര്‍ലോസ് അല്‍ക്കരാസ് എതിരാളിയാകും. 21കാരന്‍ അല്‍ക്കരാസിന് ഇതുവരെ നേടാനാകാത്ത ഏക ഗ്രാന്‍സ്ലാമാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. മെല്‍ബണില്‍ കിരീടം നേടിയാല്‍ നദാലിനെ മറികടന്ന് കരിയര്‍ ഗ്രാന്‍സ്ലാം നേടുന്ന പ്രായംകുറഞ്ഞ പുരുഷതാരമാകാം അല്‍ക്കരാസിന്.