ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്‍റിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നല്‍കാതെ ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്. ചെസ് മത്സരം തുടങ്ങുന്നതിന് മുന്നോടിയായി വൈശാലി കൈനീട്ടിയെങ്കിലും നോദിർബെക് യാക്കുബോയെവ് ഒഴിഞ്ഞു മാറുകയായിരുന്നു.
യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ് വൈശാലി കൈനീട്ടിയത്. എന്നാല്‍ അത് സ്വീകരിക്കാതെ യാക്കുബോയെവ് തന്‍റെ കസേരയിൽ ഇരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. ഇതോടെ വിശദീകരണവുമായി ഉസ്ബെക്കിസ്ഥാൻ താരം രംഗത്തെത്തി.
എക്സില്‍ പങ്കുവച്ച കുറിപ്പില്‍ വിശദമായാണ് യാക്കുബോയെവ് സാഹചര്യം വിശദീകരിക്കുന്നത്. മതപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നൽകാതിരുന്നത് എന്നാണ് യാക്കുബോയെവിന്‍റെ വിശദീകരണം.
വൈശാലിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അന്യസ്ത്രീയെ സ്പർശിക്കുന്ന കാര്യത്തിൽ മതപരമായ വിലക്കുള്ളതിനാലാണ് ഹസ്തദാനം നൽകാതിരുന്നതെന്നും താരം വ്യക്തമാക്കി. വൈശാലിക്ക് അപമാനകമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹസ്തദാനത്തിന് വിസമ്മതിച്ച യാക്കുബോയെവ് മത്സരം തോൽക്കുകയും ചെയ്തു. മത്സരത്തിനു ശേഷം യാക്കുബോയെവിന് ഹസ്തദാനം നൽകാൻ വൈശാലി തയാറായതുമില്ല. ചെസ് താരവുമായ ആർ.പ്രജ്ഞാനന്ദയുടെ സഹോദരിയാണ് വൈശാലി.
'ഇന്ത്യയില്‍ നിന്നുള്ള ചെസ് താരങ്ങളെന്ന നിലയില്‍ വൈശാലിയെയും സഹോദരനെയും വളരെയധികം ബഹുമാനിക്കുന്നു. എതിർ ലിംഗത്തിൽപ്പെട്ടവരുമായി ഹസ്തദാനം നടത്താന്‍ ഞാന്‍ ആരെയും നിര്‍ബന്ധിക്കാറില്ല. ഹിജാബോ ബുർഖയോ ധരിക്കാൻ സ്ത്രീകളെയും ഉപദേശിക്കാറില്ല. റുമാനിയൻ താരം ഐറിന ബുൽമാഗയുമായുള്ള മത്സരത്തിനു മുന്നോടിയായി എന്‍റെ ഈ രീതിയേക്കുറിച്ച് താരത്തെ അറിയിച്ചിരുന്നു. വൈശാലിയോട് പറയാതിരുന്നത് എന്റെ വീഴ്ചയാണ്' എന്നിങ്ങനെയാണ് യാക്കുബോയെവിന്‍റെ കുറിപ്പ്.