ms-dhoni-1

TOPICS COVERED

2019ലെ ഇന്ത്യ-ന്യൂസിലാൻഡ് ലോകകപ്പ് സെമി. 49ാം ഓവറിലെ ആദ്യ പന്ത്. ഇംഗ്ലണ്ട് വേദിയായ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ബോളറുടെ സ്ലോ ഷോർട്ട് ബോൾ.. ഔട്ട്സൈഡ് ഓഫായി എത്തിയ ഡെലിവറി കവറിന് മുകളിലൂടെയാണ് ധോനി ബൗണ്ടറി ലൈൻ തൊടീക്കാതെ പറത്തിയത്.. ഇനി 2024 മെയ് 18ലേക്ക് വരാം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ യഷ് ദയാലിന്റെ പന്ത്. മറ്റൊരു സ്ലോ ഡെലിവറി. ഫൈന്‍ ലെഗ്ഗിലൂടെ പറന്ന സിക്സ് പിന്നിട്ടത് 110 മീറ്റര്‍. ഈ രണ്ട് വട്ടവും, ഈ രണ്ട് സിക്സിലൂടേയും ധോണി ആരാധകര്‍ക്കും സഹാതരങ്ങള്‍ക്കുമുള്ളില്‍ പോലും സൃഷ്ടിച്ച വിജയ പ്രതീക്ഷയ്ക്ക് കണക്കുണ്ടാവില്ല. പക്ഷേ രണ്ട് വട്ടവും ധോണി പരായജപ്പെട്ടു. അന്ന് ആ തോല്‍വിയോടെ നീലക്കുപ്പായം എന്നന്നേക്കുമായി അഴിച്ചുവെച്ച ധോണി മഞ്ഞക്കുപ്പായത്തില്‍ ഇനി ഒരു സീസണിനായി കൂടിയെത്തുമോ എന്നറിയാനുള്ള നെഞ്ചിടിപ്പിലാണ് ആരാധകര്‍.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കോട്ടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയായി വരുന്ന മറീന ബീച്ചിലുയരുന്നതിലും കരുത്തോടെ ഇത്തവണ ആവേശത്തിന്റെ തിരമാലകള്‍ ഉയര്‍ന്നത് ചെപ്പോക്കില്‍ മാത്രമായിരുന്നില്ല. ഇനി ഒരിക്കല്‍ കൂടി ഈ കാഴ്ച കാണാനായേക്കില്ല എന്ന ചിന്തയില്‍ അഹമ്മദാബാദിലും ഹൈദരാബാദിലും വാങ്കഡെയിലും തുടങ്ങി ധോണി എത്തിയിടത്തെല്ലാം ആരവങ്ങള്‍ പൊട്ടിത്തെറികളായി മാറി. ബാറ്റുമായി ധോണി ക്രീസിലേക്ക് ഇറങ്ങിയ നിമിഷങ്ങളിലെല്ലാം ആ കാഴ്ച ആരാധകര്‍ കണ്ണുനിറച്ചുകണ്ട് ആസ്വദിച്ചു. മഞ്ഞയണിഞ്ഞ് ആരാധകർ സ്നേഹം കൊണ്ട് മൂടിയപ്പോള്‍ അവസാന ഓവറുകളില്‍ പലവട്ടം ആ പഴയ മഹി മിന്നിമാഞ്ഞുപോയി. മിഡ് വിക്കറ്റിലേക്കും ലോങ്ങ് ഓണിലേക്കും എക്സ്രാ കവറിലേക്കും  പായിക്കുന്ന സിക്സുകൾ കണ്ട് ഇനി ഒരു സീസണ്‍ എന്ന പ്രതീക്ഷ കൂടി നല്‍കുകയാണ് ധോണി. 

dhoni-six

മനസിലേക്ക് ധോണിയെന്ന പേര് ഒന്നിട്ടു കൊടുത്ത് നോക്കുക...ഹെൽമെറ്റിന് കീഴെ തൂങ്ങിക്കിടക്കുന്ന നിളൻ മുടിക്കാരൻ, ആദ്യ കാഴ്ച അങ്ങനെയായിരുന്നു.ട്വന്റി20 ലോക കിരീടം ഇന്ത്യയിലേക്കെത്തിച്ച് ആ നീളൻ മുടിയങ്ങ് മുറിച്ച് ആഘോഷിച്ചു.. മാൻ ഓഫ് ദി മാച്ച് അവാർഡായി കിട്ടുന്ന ബൈക്കുമായി സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ട് വലംവയ്ക്കുന്ന ധോനി...ലോകത്തിന്റെ നെറുകയിലേക്ക് നമ്മെ എത്തിച്ചതിന്റെ തൊട്ടടുത്ത ദിവസം കിരീടവും കയ്യിൽ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത മൊട്ട തലയൻ.. 42ാം വയസില്‍ ഐപിഎല്‍ സീസണ്‍ കളിക്കാന്‍ നീളന്‍ മുടിക്കാരനായാണ് ധോണി എത്തിയത്. തുടങ്ങിയത് പോലെ അവസാനവും എന്ന സൂചന നല്‍കുകയാണ് ധോണി എന്ന വിലയിരുത്തലുകള്‍ അതോടെ ശക്തമായി. 

dhoni-field

ഞൊടി വേഗത്തിൽ തിരിഞ്ഞ് സ്ക്വയർ ലെഗ്ഗിലേക്ക് ബൗണ്ടറി പായിക്കുന്ന ധോണി. 10 വര്‍ഷം മുന്‍പുള്ള കാര്യമല്ല. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ കളിയില്‍ മുകേഷ് കുമാറിന്റെ ആദ്യ ഡെലിവറി തന്നെ സ്ക്വയര്‍ ലെഗ്ഗിലേക്ക് ധോണി പായിച്ചപ്പോള്‍ ആരാധകരുടെ മനസ് വര്‍ഷങ്ങള്‍ പിറകോട്ടൊന്ന് പോയിട്ടുണ്ടാവും. 2012ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ വന്ന 20 പന്തില്‍ നിന്ന് 255 എന്ന സ്ട്രൈക്ക്റേറ്റില്‍ 51 റണ്‍സ് പറത്തിയ ഇന്നിങ്സ്. 2018ല്‍ ആര്‍സിബിക്കെതിരെ 74-4 എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോള്‍ നേടിയ 70 റണ്‍സ്. 2019ല്‍ ബാംഗ്ലൂരിന് എതിരെ ഒരു റണ്‍സിന്റെ തോല്‍വിയിലേക്ക് വീണെങ്കിലും 84 റണ്‍സ് അടിച്ചെടുത്ത ധോണിയുടെ ഇന്നിങ്സ് മറക്കാനാവില്ല. അവസാന ഓവറില്‍ 24 റണ്‍സ് ആണ് ധോണി അടിച്ചുകൂട്ടിയത്. 2018ല്‍ പഞ്ചാബിന് എതിരെ 7ാം ഓവറില്‍ 56-3 എന്ന നിലയില്‍ പരുങ്ങുമ്പോഴാണ് ധോണി ക്രീസിലേക്ക് എത്തിയത്. വിജയ പ്രതീക്ഷനല്‍കി നേടിയത് 79 റണ്‍സ്. അവസാന ഓവറില്‍ നേടിയത് 16 റണ്‍സ്. 2008ല്‍ ഡല്‍ഹിയായിരുന്നു ധോണിക്ക് വേണ്ടി താര ലേലത്തില്‍ ആദ്യം ഇറങ്ങിയത്. എന്നാല്‍ ആറ് കോടിക്ക് സ്വന്തമാക്കിയത് ചെന്നൈയും. 2008 മുതല്‍ 2024ല്‍ എത്തി നില്‍ക്കുമ്പോള്‍ ധോണി ഹൃദയം കൊടുത്ത് കളിച്ച ഇന്നിങ്സുകള്‍ നിരവധിയാണ്...

dhoni-stump

ഈ സീസണില്‍ ആരാധകര്‍ കാത്തിരുന്ന ധോണിയാണ് ക്രീസില്‍ പ്രത്യക്ഷപ്പെട്ടത്. 9 പന്തില്‍ ലഖ്നൗവിനെതിരെ 28 റണ്‍സ്. മുംബൈക്കെതിരെ 4 പന്തില്‍ നിന്ന് 20 റണ്‍സ്. ഡല്‍ഹിക്കെതിരെ 16 പന്തില്‍ നിന്ന് 37 റണ്‍സ്..ഈ കളികളിലെല്ലാം നോട്ട്ഔട്ട്. 2020 മുതലുള്ള സീസണുകള്‍ എടുത്താല്‍ ധോണിയുടെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി വന്നത് ഇത്തവണയാണ്, 53.67. 220.55 എന്നതാണ് സീസണിലെ സ്ട്രൈക്ക്റേറ്റ്. 2020 മുതലെടുത്താല്‍ ധോണി ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ വര്‍ഷവും ഇതുതന്നെ..

ms-dhoni-2

ഇതുവരെ കണ്ടത് ധോണിയുടെ ട്രെയിലര്‍ മാത്രമാണ്, യഥാര്‍ഥ ധോണി വരാനിരിക്കുന്നതേയുള്ളൂ,  മഹേന്ദ്ര സിങ് ധോണിയുടെ രക്തത്തിനായി മുറവിളികള്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണിവ, 2017ല്‍.  2024ല്‍ എത്തി നില്‍ക്കുമ്പോഴും ചെപ്പോക്കിന് പുറത്തും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ധോണി. സീസണില്‍ ഒന്‍പതാം സ്ഥാനത്തേക്ക് വരെ ബാറ്റിങ് പൊസിഷന്‍ മാറ്റിയ ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ദയയുണ്ടായിരുന്നില്ല. രണ്ടോവര്‍ മാത്രം ബാറ്റ് ചെയ്യാനായി ഒരു താരം എന്നത് ചെന്നൈക്ക് ബാധ്യതയാണെന്ന വാദങ്ങളും ശക്തമാണ്. ഒരു സീസണ്‍ കൂടി എന്ന് പറയുമ്പോള്‍ സെവാഗും സച്ചിനും ഗംഭീറും ഒരുമിച്ച് ഇലവനിൽ വന്നാൽ ഫീൽഡിങ്ങിനെ ബാധിക്കുമെന്ന 16 വർഷം മുൻപുള്ള ധോണിയുടെ തന്നെ വാക്കുകളും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.. ഒരു സീസണ്‍ കൂടി എന്ന് ധോണി തീരുമാനിച്ചാല്‍ നെറ്റി ചുളിക്കുന്നവര്‍ ഒരുപാടുണ്ടാവും.

dhoni-shot

എന്നാല്‍ അവിശ്വസനീയതകളുടെ തമ്പുരാനാണ് എം എസ് ധോണി.ആര്‍ക്കും പിടിതരാറില്ല അയാളുടെ തീരുമാനങ്ങള്‍.രണ്ട് ലോകകപ്പും അഞ്ച് ഐപിഎല്‍ കിരീടവും നേടിയയാള്‍ക്ക് അയാളുടെ 22 വാര പിച്ചിന്‍റെ ആയുസിന്‍റെ കാര്യത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം കൃത്യസമയത്ത് എടുക്കാനാകും എന്നുറപ്പ്. അതെപ്പോള്‍ വേണമെങ്കിലുമുണ്ടാകും, നേരത്തെ പറ‌ഞ്ഞതുപോലെ ആര്‍ക്കും പിടിതരാറില്ല അയാളുടെ തീരുമാനങ്ങള്‍. എല്ലാം അയാളുടെ മനക്കണക്കുകള്‍ക്ക് വിട്ടുകൊടുക്കാം.

dhoni-fan
ENGLISH SUMMARY:

MS Dhoni's IPL journey

dhoni-stump