ഓരോ ഒളിംപിക്സും ഓരോ രാജ്യത്തിനും ചില ഓര്‍മകള്‍ ബാക്കി വയ്ക്കും. ചിലത് ആഹ്ലാദകരമായ ഓര്‍മകളാകാം... ചിലത് സങ്കടകരമാകാം. പാരിസ് ഒളിംപിക്സ് ഇന്ത്യയ്ക്ക് ബാക്കി വച്ച രാജ്യത്തിന്‍റെ കായിക ചരിത്രത്തില്‍ തന്നെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ് വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, ഫൈനലിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 100 ഗ്രാം അധിക ഭാരത്തിന്‍റെ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സിന്‍റെ തന്നെ കണ്ണീര്‍ നോവായി.  

വിനേഷ് ഫോഗട്ടെന്ന 29കാരിക്ക് പാരീസ് ഒളിംപിക്സ് വെറുമൊരു ഒളിംപിക്സ് മാത്രമല്ലായിരുന്നു. ഗോദയ്ക്കകത്തും പുറത്തും തന്നെ തോല്‍പ്പിച്ചവര്‍ക്ക് മുന്നില്‍, വഞ്ചിച്ചവര്‍ക്ക് മുന്നില്‍, വേട്ടയാടിയവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള അവസാനത്തെ അതിജീവന ശ്രമമായിരുന്നു.. കരിയറിലുടനീളം തന്നെ പിന്നോട്ട് വലിച്ച പരുക്കുകള്‍, ഒപ്പം അധികാരികള്‍ ഹൃദയത്തില്‍ കോറിയിട്ട മുറിവുകള്‍... സഹതാരങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി 40 രാപ്പകലകുള്‍ തെരുവില്‍ പോരാടി... അതിനിടയില്‍ പാരീസ് ഒളിംപിക്സിലേക്ക് നേടിയ യോഗ്യത പോലും അസാമാന്യമായിരുന്നു... പാരീസില്‍ നമ്മള്‍ കണ്ടത്, പുതിയൊരു വിനേഷിനെയായിരുന്നു. ഒരു അധികാരിക്കും തന്‍റെ പോരാട്ട വീര്യത്തെ തോല്‍പ്പിക്കാനാകില്ലെന്ന് വിളിച്ചു പറയുന്ന ശരീര ഭാഷ... ആദ്യ മത്സരത്തില്‍ നാളിതുവരെ ഒരു രാജ്യാന്തര മത്സരത്തില്‍ തോറ്റിട്ടില്ലെന്ന റെക്കോഡുമായെത്തിയ ജപ്പാന്‍റെ ലോക ഒന്നാം നമ്പര്‍ താരമായ യുയു സൂസാക്കിയെ മലയര്‍ത്തിയടിച്ചു... രണ്ടാം മത്സരത്തില്‍ യുക്രെയന്‍റെ ഒക്സാന ലിവാച്ചിനെ, സെമിയില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപസിനെ... ചരിത്രത്തിലേക്കുള്ള വിനേഷിന്‍റെ യാത്ര അസാധാരണവും അതിശയകരവുമായിരുന്നു.

ഓരോ ജയത്തിന് ശേഷവും വിനേഷിന്‍റെ കണ്ണുകള്‍ ആനന്ദക്കണ്ണീരിനാല്‍ നിറഞ്ഞു... രാജ്യം ആഹ്ലാദത്തില്‍ മതിമറന്നു.. പാരീസില്‍ ഇന്ത്യ ആഗ്രഹിച്ച നിമിഷമെത്തിയെന്ന് ആശ്വസിച്ചു... അതിന് പക്ഷെ അധികം ആയുസുണ്ടായിരുന്നില്ല. ചരിത്രം കുറിച്ച ഫൈനല്‍ പ്രവേശത്തിന് ശേഷം മണിക്കൂറുകള്‍ക്കകം വിനേഷിന്‍റെയും ഒപ്പം രാജ്യത്തിന്‍റെും ഹൃദയം ഭേദിച്ച വാര്‍ത്തയെത്തി. ഫൈനലിന് മുമ്പുള്ള ഭാര പരിശോധനയില്‍ വിനേഷ് 100 ഗ്രാം അധിക ഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെട്ടുവെന്ന വാര്‍ത്ത. ഭാരം കുറക്കാന്‍ രാത്രിയുലടനീളം കഠിന വ്യായാമത്തില്‍ ഏര്‍പ്പെട്ട്... തളര്‍ന്നിരിക്കുന്ന വിനേഷിന്‍റെ ചിത്രം പാരീസ് ഒളിംപിക്സിന്‍റെ സങ്കട ചിത്രമായി എക്കാലവും അവശേഷിക്കും... അയോഗ്യതയ്ക്ക് പിന്നാലെ വിനേഷ് ഫോഗട്ട് വിട പറഞ്ഞു... വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള വിനേഷിന്‍റെ കുറിപ്പ് അവര്‍ കരിയറിലും വ്യക്തി ജീവിതത്തിലും അനുഭവിച്ച വേദനകളുടെ അവഗണനകളുടെ സംക്ഷിപ്തരൂപമായിരുന്നു.

അയോഗ്യതയ്ക്കെതിരെ വിനേഷും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വിധി പറയാനിരിക്കുകയാണ്. ഒരു വെള്ളി മെഡലെങ്കിലും അനുവദിച്ച്, വിനീഷിന് നീതി നല്‍കുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് രാജ്യം. വിധി എന്തായാലും, വിനീഷ് 140 കോടി ജനങ്ങളുടെ ഹൃദയത്തില്‍ ഒരിക്കലും മായാത്ത ജേതാവായി മാറിക്കഴിഞ്ഞു.

ENGLISH SUMMARY:

Winner of hearts despite being disqualified; Vinesh as India's sorrow in Olympics