പാരിസ് പാരാലിംപിക്സ് വേദിയില്‍ അഭിമാന നേട്ടമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. നാട്ടിലേക്ക് മടങ്ങിയെത്തിയ ഇവരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു കാണാന്‍ ക്ഷണിച്ചിരുന്നു. ഡല്‍ഹിയിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്കായിരുന്നു താരങ്ങള്‍ക്ക് ക്ഷണം. ഇതിനിടെയുണ്ടായ ഹൃദയഹാരിയായ ഒരു രംഗം സൈബറിടത്ത് വൈറലാണ്.
ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നവ്ദീപ് സിങിനൊപ്പമുള്ള മോദിയുടെ ചിത്രങ്ങളാണ് വൈറലായത്. പ്രധാനമന്ത്രിക്ക് ഒരു തൊപ്പി സമ്മാനമായി നല്‍കണമെന്ന ആഗ്രഹത്തോടെയാണ് നവ്ദീപ് എത്തിയത്. അത് താരം തലയില്‍ വച്ചുകൊടുമ്പോള്‍ മോദി തറയില്‍ ഇരുന്നുകൊടുക്കുന്നതാണ് ചിത്രത്തിലുള്ളത്. നവ്ദീപുമായി സംസാരിച്ചു നില്‍ക്കുന്ന വിഡിയോയും പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.
‘ഞാന്‍ താഴെയിരുന്നപ്പോള്‍ നവ്ദീപിന് നല്ല പൊക്കം തോന്നിയില്ലേ’ എന്ന് തമാശയായി മോദി ചോദിക്കുകയും ചെയ്തു. ജാവലിന്‍ എറിഞ്ഞ അതേ കയ്യില്‍ പ്രധാനമന്ത്രിയുടെ കയ്യൊപ്പ് പതിക്കണമെന്ന നവ്ദീപിന്‍റെ ആഗ്രഹവും സാക്ഷാത്കരിക്കപ്പെട്ടു. ‘എന്നെപ്പോലെ താനും ഇടംകയ്യനാണല്ലോ’ എന്നു പറഞ്ഞുകൊണ്ടാണ് നവ്ദീപിന്‍റെ ഇടംകയ്യില്‍ മോദി ഓട്ടോഗ്രാഫ് നല്‍കിയത്. രാജ്യത്തിനായി സ്വര്‍ണ മെഡല്‍ നേടും എന്ന് പ്രധാനമന്ത്രിക്ക് താന്‍ വാക്കു നല്‍കിയിരുന്നു. അത് സാധ്യമായി എന്ന് പിന്നീട് നവ്ദീപ് പറഞ്ഞു.
പാരിസ് പാരാലിംപിക്സില്‍ ഇന്ത്യയ്ക്കായി ഏഴാമത് സ്വര്‍ണം നേടിയ താരമാണ് നവ്ദീപ് സിങ്. 47.32 മീറ്റര്‍ എന്ന വ്യക്തിഗത മികവും താരം നേടി. പ്രതിസന്ധികളെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ നേട്ടത്തിലേക്ക് താരമെത്തിയത്. നാലടിയും നാലിഞ്ചുമാണ് നവ്ദീപിന്‍റെ പൊക്കം. 2016ല്‍ നീരജ് ചോപ്രയുടെ സ്വപ്നനേട്ടം കണ്ടതോടെയാണ് താരം ജാവലിന്‍ ത്രോയിലേക്ക് ആകൃഷ്ടനായത്.
അതിനു മുന്‍പ് പിതാവ് ദല്‍ബിര്‍ സിങിന്‍റെ തട്ടകമായ ഗുസ്തിയിലായിരുന്നു പരിശീലനം. ദേശീയതലത്തില്‍ ഗുസ്തി മത്സരത്തിന് ഇറങ്ങിയിരുന്നയാളാണ് നവ്ദീപിന്‍റെ പിതാവ്. പാരാ–അത്‌ലറ്റായ സന്ദീപ് ചൗധരിയുടെ പ്രകടനവും നവ്ദീപിനെ ആകര്‍ഷിച്ചു. അദ്ദേഹമാണ് താരത്തെ മുന്നോട്ടുനയിച്ചതും. 2017ല്‍ ദുബായില്‍ നടന്ന ഏഷ്യന്‍ യൂത്ത് പാര് ഗെയിംസില്‍ നവ്ദീപ് സ്വര്‍ണം നേടിയിരുന്നു.