Untitled design - 1

പ്രസിഡന്‍റ് ഷി ചിന്‍ പിങ്ങിന്‍റെ രാഷ്ട്രീയ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി ചാറ്റ്ബോട്ട് നിര്‍മിച്ച് ചൈന. സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ചൈനയുടെ (സിഎസി) കീഴിലുള്ള സൈബര്‍ സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) നിര്‍മിച്ചത്. ഫിനാൻഷ്യൽ ടൈംസും സൗത്ത് ചൈന മോണിങ് പോസ്റ്റുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

നിലവില്‍ ചാറ്റ്ബോട്ടിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ടെസ്റ്റിങ്ങുകള്‍ നടക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ചാറ്റ്ബോട്ട് ലഭ്യമായിട്ടില്ല. 'പുതിയ യുഗത്തിനായുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ചിൻപിങ് ചിന്ത' എന്ന് അറിയപ്പെടുന്ന ഷിയുടെ പ്രത്യയശാസ്ത്രം ഉപയോഗിച്ചാണ് എഐ ചാറ്റ്ബോട്ട് പരിശീലനം നേടിയത്. സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ചൈന നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ ചാറ്റ്ബോട്ട് മോഡലിന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും റിപ്പോർട്ടുകൾ തയാറാക്കാനും വിവരങ്ങൾ സംഗ്രഹിക്കാനും ചൈനീസ്, ഇംഗ്ലീഷ് ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യാനും കഴിയും.

മറ്റ് എഐ സാങ്കേതിക വിദ്യകളെ അപേക്ഷിച്ച് പ്രാദേശികമായുള്ള വിവരങ്ങളായിരിക്കും ഈ ചാറ്റ്ബോട്ടിലുണ്ടാവുക. ഇത് ഓപ്പൺ സോഴ്‌സ് അല്ല. ചാറ്റ്ബോ‌ട്ട് സുരക്ഷിതവും വിശ്വസനീയവും ആണെന്നും ഔദ്യോഗിക സര്‍ക്കാര്‍ രേഖകളുമായി യോജിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ട്. ചാറ്റ്ബോട്ടിന്‍റെ പരിശീലന ഡാറ്റയിൽ ഷി ചിൻപിങ് എഴുതിയതായി അറിയപ്പെടുന്ന ഒരു ഡസനിലധികം പുസ്തകങ്ങൾ, സർക്കാർ നിയന്ത്രണങ്ങൾ, നയരേഖകൾ, സംസ്ഥാന മാധ്യമ റിപ്പോർട്ടുകൾ, മറ്റ് ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. 

ചൈനീസ് ടെക് ഭീമൻമാരായ ബൈഡു, ആലിബാബ എന്നിവര്‍ അവരുടെ സ്വന്തം എഐ മോഡലുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഉള്ളടക്കം സംബന്ധിച്ച് രാജ്യത്തിന്‍റെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഭരണകൂട അധികാരത്തെ അട്ടിമറിക്കുന്നതിന് സാധിക്കുന്ന ഒരു വിവരങ്ങളും അടങ്ങിയിട്ടില്ലെന്നും ഇവര്‍ ഉറപ്പാക്കണം. ഡെവലപ്പർമാരെ സഹായിക്കുന്നതിനായി, സൈബർ സെക്യൂരിറ്റി അസോസിയേഷൻ ഓഫ് ചൈന ഡിസംബറിൽ ഒരു പൊതു ഡാറ്റാബേസ് പുറത്തിറക്കിയിരുന്നു. അതിൽ സര്‍ക്കാര്‍ നിയന്ത്രണങ്ങളും നയ രേഖകളും വിശദമാക്കിയിട്ടുണ്ട്.    

ENGLISH SUMMARY:

China's latest AI chatbot trained on Xi Jinping's political ideology