Photo courtesy :zarashatavari

Photo courtesy :zarashatavari

TOPICS COVERED

എഐ വന്നതോടെ പലര്‍ക്കും ജോലി പോയ കഥകള്‍ പറയാനുണ്ടാകും. എന്നാല്‍ നിര്‍മിതബുദ്ധി കാരണം പണി പോകുമോയെന്ന പേടിയിലാണ് മോഡലുകളും ഇന്‍ഫ്ലുവന്‍സര്‍മാരും. മനുഷ്യ സുന്ദരിമാരെ കണ്ടെത്താന്‍ മിസ് വേള്‍ഡും മിസ് യൂണിവേഴ്സുമൊക്കെ നടത്തുന്നത് പോലെ എഐ സുന്ദരിമാരെ കണ്ടെത്താനും മല്‍സരം നടക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്ലുവന്‍സര്‍മാരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ആദ്യമായാണ് ഇത്തരത്തില്‍ ഒരു മല്‍സരം നടക്കുന്നത്.

 1500ലധികം എഐ ഇന്‍ഫ്ലുവന്‍സര്‍മാരില്‍ നിന്നും അപേക്ഷകള്‍ ലഭിച്ചിരുന്നെന്നും അതില്‍ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയതെന്നും സംഘാടകര്‍ പറയുന്നു. മനുഷ്യര്‍ക്കൊപ്പം എഐ ഇന്‍ഫ്ലുവന്‍സര്‍മാരും സംഘാടക സമിതിയില്‍ ഉള്‍പ്പെടുന്നു.

കെൻസ ലയാലി (മൊറോക്കോ), ഐല്യ ലോ (ബ്രസീൽ), ഒലിവിയ സി (പോർച്ചുഗൽ), അന്ന കെർഡി (ഫ്രാൻസ്), സാറാ ശതാവരി (ഇന്ത്യ), ഐയാന റെയിൻബോ (റൊമാനിയ), ലാലിന (ഫ്രാൻസ്), സെറീൻ ഐ (തുർക്കി), അസെന ല്ലിക്ക (തുർക്കി), എലിസ ഖാൻ (ബംഗ്ലാദേശ്) എന്നിവരാണ് മത്സരരംഗത്തുള്ള എഐ മോഡ‍ലുകള്‍. മനുഷ്യ സ്ത്രീകള്‍ക്കുള്ളതിനേക്കാള്‍ സൗന്ദര്യത്തിലാണ് മോഡലുകളെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരിക്കലും മനുഷ്യര്‍ക്ക് എത്തിപ്പെടാനാകാത്ത ഇത്തരം സൗന്ദര്യ പ്രദര്‍ശനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

സൗന്ദര്യം അമാനുഷികമാണെങ്കിലും ഓരോ മോഡലുകളും അവര്‍ പ്രതിനിധീകരിക്കുന്ന ദേശത്തിന്‍റെ സംസ്കാരത്തിലാണ് എത്തുന്നത്. അതായത് സാരിയിലും ഗൗണിലും ഹിജാബിലുമൊക്കെയാണ് എഐ സുന്ദരിമാരുടെ വരവ്. അതീവ സൂക്ഷമ്തയോടെയാണ് ഇവരുടെ ചിത്രങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

എഐ ക്രിയേറ്റര്‍മാരെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക, അവരുടെ നേട്ടങ്ങളെ അംഗീകരിക്കുക, എഐ കൂടുതല്‍ ജനപ്രിയമാക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. വേള്‍ഡ് എഐ ക്രിയേറ്റര്‍ അവാര്‍ഡ്സാണ് ഇതിന് പിന്നില്‍. 20000 ഡോളറിന്‍റെ സമ്മാനമാണ് വിജയയിയെ കാത്തിരിക്കുന്നത്. അതായത് ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപ. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണമെന്നും 18 വയസ് പൂര്‍ത്തിയായിരിക്കണമെന്നുമാണ് ആകെയുളള നിബന്ധന.

ENGLISH SUMMARY:

The world’s first AI beauty pageant, Miss AI, is set to redefine our understanding of beauty and technology.