google-translate

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുത്തന്‍ അപ്ഡേറ്റ് അവതരിപ്പിച്ച് അമേരിക്കന്‍ ടെക്ക് ഭീമന്‍ ഗൂഗിള്‍. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി 110 ഭാഷകള്‍ കൂടി ചേര്‍ത്തുകൊണ്ടാണ് പുതിയ അപ്‍ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സ്​ലേറ്റ് എന്ന വിവര്‍ത്തന ഉപകരണത്തിലെ ഏറ്റവും വിപുലമായ മാറ്റമാണിത്. പുതുതായി ചേര്‍ത്ത 110 ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുളളവയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ അപ്ഡേറ്റ് അവതിപ്പിച്ചിരിക്കുന്നത്. ഇതോടെ  ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ ലഭ്യമായ ഭാഷകളുടെ എണ്ണം 243 ആയി മാറി.

എഐയുടെ സഹായത്തോടെ ഗൂഗിളിന്‍റെ ഇൻ-ഹൗസ് പാം 2 എല്‍എല്‍എം വഴിയാണ് പുതിയ അപ്ഡേറ്റ് സാധ്യമായത്. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാര്‍വാര്‍ ഭാഷ (മാര്‍വാഡി) എന്നിവ പുതിയ അപ്ഡേറ്റിലുണ്ട്. കൂടാതെ ഖാസി, കൊക്‌ബോറോക്, ബോഡോ, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍. 2022 നവംബറിലായിരുന്നു കൂടുതല്‍ ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ് ലേറ്റില്‍ ചേര്‍ക്കാനുളള സ്വപ്ന പദ്ധതി ഗൂഗിള്‍ പ്രഖ്യാപിച്ചത്. എഐയുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള ആയിരം സംസാര ഭാഷകള്‍ ഗൂഗിള്‍ ട്രാന്‍സ്​ലേറ്റില്‍ ഉള്‍ക്കൊളളിക്കുകയാണ് ഈ പദ്ധതിയിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രഖ്യാപിച്ച ശേഷം നടന്ന ഏറ്റവും വലിയ മുന്നേറ്റം കൂടിയാണിത്.

ഓരോ ഭാഷയിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ശൈലിയാണ് ഗൂഗിള്‍ ട്രാന്‍സ്​ലേറ്റില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. പുതുതായി ചേര്‍ത്ത 110 ഭാഷകളില്‍ നാലിലൊന്നും ആഫ്രിക്കയില്‍ നിന്നുളളവയാണ്. ഗൂഗിള്‍ ട്രാന്‍സ്​ലേറ്റില്‍ ഉള്‍പ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഭാഷകളില്‍ ഒന്ന് കാന്‍റൊണീസ് ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാന്‍റൊണീസ് പലപ്പോഴും മാൻഡാരിൻ ഭാഷയുമായി ഓവർലാപ്പ് ചെയ്യുന്നതിനാൽ ഡാറ്റ കണ്ടെത്തല്‍ ഏറെ ബുദ്ധിമുട്ടുളള കാര്യമാണ്. അതിനാല്‍ പുതിയ അപ്ഡേറ്റില്‍ കാന്‍റൊണീസും ഗൂഗിള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. ഈ പുത്തന്‍ അപ്ഡേറ്റ് ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സഹായിക്കും എന്നാണ് ഗൂഗിളിന്‍റെ പ്രതീക്ഷ. 

ENGLISH SUMMARY:

Google Translate adds 110 new languages, including 7 Indian