സൈബര്‍ സെക്യുരിറ്റി കമ്പനിയായ വിസ് (Wiz)നെ ഏറ്റെടുത്ത് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. 2.77 ലക്ഷം കോടി രൂപ (32 ബില്യണ്‍ യുഎസ് ഡോളര്‍) ആണ് ഇടപാട്. ആല്‍ഫബെറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്. ഗൂഗിളിന്‍റെ ക്ലൗഡ് സുരക്ഷാ ശേഷികള്‍ പുതുക്കിപ്പണിയാനാണ് ഈ നീക്കം. മാര്‍ച്ച് 18ന് ആണ് കമ്പനി കരാര്‍ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം വിസുമായി ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് കമ്പനി പ്രാരംഭ ഓഹരി വില്‍പ്പനക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടുതല്‍ തുക ഓഫര്‍ ചെയ്ത് ഗൂഗിള്‍ കമ്പനിയെ സ്വന്തമാക്കിയത്. 2012ല്‍ 1.07 ലക്ഷം കോടി രൂപ (ഏകദേശം 12.5 ബില്യന്‍ ഡോളര്‍) മുടക്കി മോട്ടോറോളയെ സ്വന്തമാക്കിയതാണ് ഇതിന് മുമ്പുള്ള ഗൂഗിളിന്‍റെ ഏറ്റവും വലിയ ഡീല്‍.
ഇസ്രയേല്‍ പ്രതിരോധ സേനയുടെ സൈബര്‍ പ്രതിരോധ ഗ്രൂപ്പായ യൂണിറ്റ് 8200ല്‍ പ്രവര്‍ത്തിച്ചിരുന്ന അസാഫ് റപ്പാപോര്‍ട്ട്, അമി ലുത്‌വാക്ക്, യിനോന്‍ കോസ്റ്റിക്ക, റോയ് റെസ്‌നിക്ക് എന്നിവര്‍ ചേര്‍ന്ന് 2020ല്‍ വിസ് സ്ഥാപിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സുരക്ഷിതമായ ക്ലൗഡ് അന്തരീക്ഷം ഒരുക്കുകയും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുകയുമാണ് കമ്പനിയുടെ ദൗത്യം. നിലവില്‍ കമ്പനിക്ക് ന്യൂയോര്‍ക്ക്, ലണ്ടന്‍, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 750 മില്യന്‍ ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്. ഗൂഗിളിനൊപ്പം ചേരുന്നതോടെ ഇത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍.
'ഡിജിറ്റല്‍ യുഗത്തില്‍ ബിസിനസുകള്‍ക്കും സര്‍ക്കാരുകള്‍ക്കും ശക്തമായ സുരക്ഷ ആവശ്യമാണെന്ന്' ഏറ്റെടുക്കലിനെക്കുറിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്താനും സൈബര്‍ ഭീഷണികളില്‍ നിന്ന് തന്ത്രപ്രധാന ഡാറ്റ സംരക്ഷിക്കാനും മള്‍ട്ടി- ക്ലൗഡ് സുരക്ഷാ ശേഷികള്‍ വികസിപ്പിക്കാനും ഈ കരാര്‍ ഗൂഗിളിനെ അനുവദിക്കും. എ ഐ അധിഷ്ഠിത സൈബര്‍ ഭീഷണികള്‍ വര്‍ധിക്കുന്നതിനനുസരിച്ച്, ടെക് ഭീമന്മാരുടെ മത്സരത്തിൽ മുന്നില്‍ നില്‍ക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ ഏറ്റെടുക്കല്‍. അതേസമയം പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോമുകളില്‍ വിസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും.