വര്‍ണച്ചായം വാരിയെറിഞ്ഞത് പോലെ നില്‍ക്കുകയാണ് ആകാശം. പച്ചയും നീലയും മജന്തയും എന്ന് വേണ്ട മാനത്ത് കാണാത്ത നിറമൊന്നുമില്ലെന്ന് സമൂഹമാധ്യമങ്ങളിലെ ആകാശച്ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ സൗരക്കൊടുങ്കാറ്റാണ് കാരണം. ടാസ്മാനിയ മുതല്‍ ബ്രിട്ടന്‍റെ ആകാശം  വരെയാകും ഇതിന്‍റെ പ്രതിഫലനം ഉണ്ടാവുകയെന്നാണ് കരുതിയിരുന്നതെങ്കിലും ലഡാക് വരെ ആകാശ വിസ്മയം ഇക്കുറി എത്തി. വാര്‍ത്താ വിനിമയം തകരാറിലാക്കാനും വൈദ്യുതി ബന്ധം തകരാറിലാക്കാനും ശേഷിയുള്ള സൗരക്കൊടുങ്കാറ്റ് എങ്ങനെയാണ് ആകാശത്തിത്രയും വര്‍ണങ്ങള്‍ വാരി വിതറുന്നത്?

സൂര്യന്‍റെ കാന്തിക മണ്ഡലം സജീവമാകുന്നതിനെ തുടര്‍ന്നാണ് സൗരജ്വാലയും, കൊറോണല്‍ മാസ് ഇജക്ഷനും സംഭവിക്കുന്നതെന്ന് നാസ പറയുന്നു. ഈ രണ്ട് പ്രതിഭാസങ്ങളും ഒന്നിച്ച് സംഭവിക്കാം. എന്നാല്‍ എപ്പോളും  ഒന്നിച്ചാവണമെന്നുമില്ല. അതിതീവ്ര പ്രകാശ പ്രഭയാണ് സൗരജ്വാല. 

സൂര്യനുള്ളില്‍ നിന്നും പൊട്ടിത്തെറിച്ച് പോരുന്ന സൗരകണങ്ങളടങ്ങിയ കാന്തികശക്തിയോട് കൂടിയ ഭീമന്‍ മേഘങ്ങള്‍ സൗരയൂഥത്തിലേക്ക് പ്രവഹിക്കുന്നതാണ് കൊറോണല്‍ മാസ് ഇജക്ഷന്‍. ഭൂമിയിലേക്ക് എത്തുന്ന ഇവ റേഡിയോ, വാര്‍ത്താ വിനിമയ ബന്ധങ്ങളെയും വ്യോമ–കപ്പല്‍ ഗതാഗതത്തെയും വൈദ്യുതി ബന്ധത്തെയുമെല്ലാം തകരാറിലാക്കാറുണ്ട്. സൗരജ്വാലകള്‍ ഭൂമിയില്‍ പ്രകാശവേഗത്തിലെത്തുമ്പോള്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ ഭൂമിയിലേക്ക് ദിവസങ്ങളെടുത്താണെത്തുന്നത്. എങ്ങനെയായാലും ഇവയെത്തുമ്പോഴെല്ലാം ദൃശ്യവിസ്മയമായി മാനത്ത് ധ്രുവദീപ്തി തെളിയും. 

സൗരജ്വാലകളുടെയും കൊറോണല്‍ മാസ് ഇജക്ഷന്‍രെയും ഭാഗമായി ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്ന കണങ്ങള്‍ ചൂടാവുകയും തിളങ്ങുകയും ചെയ്യും. ഇതാണ് ധ്രുവദീപ്തിയായി മാറുന്നത്. എന്ത് വാതകമാണ് ഭൂമിയിലേക്ക് എത്തിയത് എന്നതിനെയും അതിന്‍റെ ഉയരത്തെയും ആശ്രയിച്ചാണ് ഏത് നിറത്തിലാണ് അത് പ്രത്യക്ഷമാവുകയെന്നതിരിക്കുന്നത്. ഓക്സിജനാണ് ഭൂമിയിലേക്ക് കണങ്ങള്‍ക്കൊപ്പമെത്തിയതെങ്കില്‍ ചുവപ്പോ, നീലയോ ആയി മാറും. നൈട്രജനാണ് എത്തിയതെങ്കില്‍ നീലയോ, പച്ചയോ, പിങ്ക് നിറത്തിലോ അവ പ്രത്യക്ഷമാകും.ഓസ്ട്രേലിയയിലെ ടാസ്മാനിയ മുതല്‍ വടക്കന്‍ യൂറോപ്പ് വരെ ആകാശം പിങ്ക്, പച്ച, പര്‍പ്പിള്‍ നിറത്തിലാണ് ഇക്കുറി കാണപ്പെട്ടത്.

ENGLISH SUMMARY:

How solar storms cause colourful auroras on Earth