Screengrab from :x.com/tony873004/status/

  • അമ്പളിക്കുഞ്ഞനെ നാസ തിരിച്ചറിഞ്ഞത് ഓഗസ്റ്റ് 7ന്
  • ഭൂമിക്ക് ചുറ്റും പൂര്‍ണഭ്രമണം പൂര്‍ത്തിയാക്കില്ല
  • 2024 PT5 ന്‍റേത് ഭൂമിക്ക് സമാനമായ ഭ്രമണപഥം

മാനത്ത് ഇന്ന് രാത്രിയൊരു വിരുന്നുകാരന്‍ വരുന്നുണ്ട്. അമ്പിളിയമ്മാവന് കൂട്ടായിയൊരു കുഞ്ഞിച്ചന്ദ്രന്‍! 2024 PT5 എന്നാണ് ഈ 'അമ്പിളിക്കുഞ്ഞ'ന് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്. അര്‍ജുന ഛിന്നഗ്രഹ വലയത്തില്‍ നിന്നുമാണ് അമ്പിളിക്കുഞ്ഞന്‍ ഭൂമിയിലേക്ക് വിരുന്നെത്തുന്നത്. സെപ്റ്റംബര്‍ 29 (ഇന്ന്) മുതല്‍ നവംബര്‍ 25 വരെയാകും ഈ വിരുന്നുകാരന്‍ നമ്മുടെ മാനത്തുണ്ടാകുക. 

2024 PT5

2024 PT5 എന്ന  അമ്പിളിക്കുഞ്ഞന്‍റെ ഉത്ഭവം അര്‍ജുന ഛിന്നഗ്രഹ വലയത്തിലാണ്. പാറക്കഷ്ണങ്ങളും ഭൂമിക്ക് സമാനമായ ഭ്രമണപഥവുമാണ് ഇതിനുള്ളത്. ഓഗസ്റ്റ് 7നാണ് നാസയുടെ 'അറ്റ്ലസ്' 2024 PT5 നെ തിരിച്ചറിഞ്ഞത്. 33 മീറ്ററാണ് അമ്പിളിക്കുഞ്ഞന്‍റെ വ്യാസം. വിരുന്നെത്തുന്ന കുഞ്ഞിച്ചന്ദ്രന്‍ പക്ഷേ ഭൂമിക്ക് ചുറ്റും പൂര്‍ണ ഭ്രമണം പൂര്‍ത്തിയാക്കില്ല. വലംവച്ച് പാതി വഴി പിന്നിടുമ്പോഴേക്ക് അമ്പിളിക്കുഞ്ഞന്‍റെ ഭ്രമണപഥത്തെ ഭൂമി ചെറുതായൊന്ന് വഴി മാറ്റി വിടുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ ഡോ. ജെന്നിഫര്‍ മില്ലാര്‍ഡ് പറയുന്നു. 

ചില ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ നാലരലക്ഷം കിലോമീറ്ററോളം അടുത്ത് കൂടി സഞ്ചരിക്കാറുണ്ട്. 2024 PT5 നെ പോലെയുള്ള ഛിന്നഗ്രഹം പതിവിലും വേഗത കുറഞ്ഞാണ് (3540കിമീ/ മണിക്കൂര്‍) സഞ്ചരിക്കുന്നത്. ഇതോടെ ഭൂഗുരുത്വബലം ഇതിനെ വലിച്ചടുപ്പിക്കുന്നു. ഇങ്ങനെയാണ് അമ്പിളിക്കുഞ്ഞന്‍ ഭൂമിയുടെ ആകാശത്ത് കറങ്ങി നടക്കാന്‍ 'നിര്‍ബന്ധിത'നാവുന്നത്.

ഇതാദ്യമായല്ല അമ്പിളിക്കുഞ്ഞന്‍മാര്‍ ഭൂമിയിലെത്തുന്നത്. പക്ഷേ മിക്കവാറും സമയങ്ങളില്‍ ഇത് ആരും തിരിച്ചറിയാറില്ല. ചില അമ്പിളിക്കുഞ്ഞന്‍മാരാവാട്ടെ ഈ 'വഴി തെറ്റല്‍' പതിവാക്കായിട്ടുമുണ്ട്. 1981 ല്‍ വിരുന്നെത്തിയ 2022 NX1 എന്ന അമ്പിളിക്കുഞ്ഞന്‍ 2022 ല്‍ വീണ്ടും വന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് രാത്രി മുതല്‍ മാനത്തെത്തുന്ന വിരുന്നുകാരനെ മിസ്സായാല്‍ അടുത്ത അമ്പിളിക്കു‍ഞ്ഞനെ കാണാന്‍ 2055 വരെ കാത്തിരിക്കണം. 

കാണാനെന്താണ്  വഴി?

വലിപ്പത്തില്‍ കുഞ്ഞനായത് കൊണ്ടും അത്ര തിളക്കമില്ലാത്തത് കൊണ്ടും നഗ്നനേത്രങ്ങള്‍ കൊണ്ട് അമ്പിളിക്കുഞ്ഞനെ കാണാന്‍ കഴിയില്ലെന്നതാണ് സങ്കടകരം. വീട്ടിലെ ബൈനോക്കുലര്‍ കൊണ്ടും കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. പ്രഫഷണല്‍ ഉപകരണങ്ങളുടെ സഹായം തന്നെ വേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.  ഒബ്സര്‍വേറ്ററികളിലോ ശാസ്ത്ര സൊസൈറ്റികളുടെ കൂറ്റന്‍ സൂക്ഷ്മദര്‍ശിനികളോ കു‍ഞ്ഞമ്പിളിയെ നിങ്ങളുടെ കണ്ണിന്‍മുന്നിലെത്തിക്കും.  ഇനി ഇത്തരം സ്ഥലങ്ങളിലേക്ക് എത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട, ഓണ്‍ലൈന്‍ കാഴ്ച സാധ്യമാണ്.

ENGLISH SUMMARY:

Earth's mini moon will be visible starting today. The asteroid, named 2024 PT5, originates from the Arjuna asteroid belt, which contains rocks with orbits similar to Earth's.