Image: Reuters

വാനനിരീക്ഷകര്‍ക്കും നക്ഷത്രങ്ങളെ കാത്തിരിക്കുന്നവര്‍ക്കും സന്തോഷവാര്‍ത്തയുണ്ട്. അത്യപൂര്‍വമായ ഒരു വാല്‍നക്ഷത്രം ഭൂമിയില്‍ ദൃശ്യമാകുന്നു. അരുണോദയത്തില്‍ ഉണരാമെങ്കില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ ഷൂചിന്‍ഷാന്‍ (കോമറ്റ് C/2023 A3) എന്ന വാല്‍നക്ഷത്രത്തെ കാണാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 80,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്  ഷൂചിന്‍ഷാന്‍ വാല്‍നക്ഷത്രം ഇതിനുമുമ്പ് ഭൂമിയുടെ ദൃശ്യപരിധിയില്‍ എത്തിയത്. നൂറ്റാണ്ടിന്‍റെ വാല്‍നക്ഷത്രമെന്നാണ് ഷൂചിന്‍ഷാന്‍ അറിയപ്പെടുന്നത്.

2023 ജനുവരിയിലാണ് ഷൂചിന്‍ഷാന്‍ ഭൂമിയില്‍ എത്തിയതായി ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. ഈ സെപ്റ്റംബര്‍ 28ന് അത് സൂര്യനോട് ഏറ്റവും അടുത്തുമെത്തി. നിലവില്‍ സൂര്യനില്‍ നിന്നുമകന്ന്, ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാന്‍ പാകത്തിലാണ് ഷൂചിന്‍ഷാന്‍റെ സ്ഥാനം. ഈ മാസമാകും ഷൂചിന്‍ഷാന് ഏറ്റവും തെളിച്ചമേറുക. 

എങ്ങനെ കാണും?

അതിരാവിലെ സൂര്യോദയത്തിന് തൊട്ടുമുന്‍പ് എഴുന്നേറ്റാല്‍ ഷൂചിന്‍ഷാന്‍ എന്ന 'വിഐപി' വാല്‍നക്ഷത്രത്തെ കാണാം. സൂര്യപ്രകാശം ഭൂമിയില്‍ നിറയുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സമയമാണ് വാല്‍നക്ഷത്രത്തെ കാണാന്‍ ഉത്തമം.  കിഴക്കന്‍ ആകാശത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കി നിന്നാല്‍ ചക്രവാള സീമയോട് ചേര്‍ന്ന്  വാല്‍നക്ഷത്രം ദൃശ്യമാകും.

നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ വാല്‍നക്ഷത്രത്തെ കാണാമെങ്കിലും ഒരു ബൈനോക്കുലര്‍ കൂടിയുണ്ടെങ്കില്‍ ഉഷാറായി. കൂടുതല്‍ സുന്ദരമായി ഷൂചിന്‍ഷാനെ കാണാം. നേര്‍ത്ത നീണ്ട വാലും ഷൂചിന്‍റെ പ്രത്യേകതയാണ്. 

ഒരുകൈ സഹായത്തിന് 'ചന്ദ്രന്‍'

കിഴക്കന്‍ ആകാശത്ത് ചന്ദ്രന് താഴെയായാകും ഷൂചിന്‍ പ്രത്യക്ഷപ്പെടുക. ഏകദേശം +66 വ്യാപ്തിയോളം പ്രകാശം വാല്‍നക്ഷത്രത്തിനുണ്ട്. ചന്ദ്രന് താഴെയായി കാണപ്പെടുന്ന വാല്‍നക്ഷത്രം ഒക്ടോബറിലെ ദിവസങ്ങള്‍ക്കൊപ്പം മെല്ലെ മുകളിലേക്ക് ഉയരും. ഒക്ടോബര്‍ മധ്യത്തിലെത്തുമ്പോഴേക്ക് സന്ധ്യാകാശത്ത്, സൂര്യാസ്തമയത്തിന് ശേഷം വാല്‍നക്ഷത്രം ദൃശ്യമാകും. 

ENGLISH SUMMARY:

Unique opportunity to witness a celestial visitor that hasn't been seen for approximately 80,000 years. Comet C/2023 A3 (Tsuchinshan-ATLAS) is currently visible in the early morning sky.