സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഹാക്കേഴ്സിന്റെ ലക്ഷ്യത്തില്‍ ഒന്നാമത്തേതുമെന്ന് പറയാം. ഓരോ വര്‍ഷവും സൈബര്‍ ആക്രമണത്തോത് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഈ വര്‍ഷം മൂന്നുനാലു മാസങ്ങള്‍ കൊണ്ടുതന്നെ ആക്രമണത്തില്‍ 33ശതമാനം വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്‌വര്‍ക്കിലെയും കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന്റെയും ന്യൂനതകളിലൂടെ കയറിയാണ് ഹാക്കര്‍മാര്‍ വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയും സര്‍ക്കാറിനെയും വലയില്‍ വീഴ്ത്തുന്നത്.
ഫിഷിങ്ങിലൂടെയും സ്കാമിങ്ങിലൂടെയുമാണ് പ്രധാനമായും സൈബര്‍ ആക്രമണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ദുര്‍ബലമായ രഹസ്യ പിന്‍ നമ്പറുകളാണ് ഇത്തരം സൈബര്‍ അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1234, 0000 പോലെയുള്ള പിന്‍ നമ്പറുകളാണ് പലപ്പോഴും ആളുകള്‍ എളുപ്പത്തില്‍ ഓര്‍ക്കാനായി കൂടി രഹസ്യനമ്പറുകളായി സെറ്റ് ചെയ്യുന്നത്. ഡേറ്റ് ഓഫ് ബര്‍ത് പോലെയുള്ള വ്യക്തിപരമായ വിവരങ്ങളുള്‍പ്പടെ പിന്‍ നമ്പറുകളാക്കാറുണ്ട്. എന്നാലിതെല്ലാം സൈബര്‍ അറ്റാക്ക് എളുപ്പമാക്കുന്നതാണെന്നാണ് വിലയിരുത്തല്‍.
ഈയിടെ നടന്ന ഒരു സൈബര്‍ സെക്യൂരിറ്റി പഠനത്തിലൂടെ ആളുകളധികവും സമാനരീതിയിലുള്ള പിന്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 3.4 മില്യണ്‍ വരുന്ന പിന്‍ പരിശോധനയിലൂടെ കണ്ടെത്തിയ സമാന രീതിയിലുള്ള നമ്പറുകള്‍ എത്രയും വേഗം മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. പത്ത് നമ്പറുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്, 1234, 1111, 0000, 1212, 7777, 1004, 2000, 4444, 2222, 6969 എന്നീ നമ്പറുകളാണ് സുരക്ഷാപരിശോധനയില്‍ ഏറ്റവും ദുര്‍ബലമായി കണ്ടെത്തിയത്.
ബാങ്ക് അക്കൗണ്ടുകളും പേഴ്സണല്‍ സിസ്റ്റംസും മറ്റ് അണ്‍ ഓതറൈസ്ഡ് ആക്സസുകളില്‍ നിന്നും സംരക്ഷിക്കാനായി ശക്തമായ രഹസ്യ പിന്നുകളാണ് ആവശ്യം. ഇത്തരം ദുര്‍ബലമായ പിന്‍ നമ്പറുകള്‍ എവിടെയെങ്കിലും സെറ്റ് െചയ്തിട്ടുണ്ടെങ്കില്‍ അവ എത്രയും വേഗം മാറ്റണമെന്നാണ് മുന്നറിയിപ്പ്.