സാംസങ് എസ് 24 അള്‍ട്രയ്ക്ക് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകൾ ഫോണുകളില്‍ കൊണ്ടുവരാനൊരുങ്ങി ആപ്പിളും. ഐഫോണിൽ ചാറ്റ് ജിപിടി ഉള്‍പ്പെടുത്താന്‍ ഓപണ്‍ എഐയുമായി ആപ്പിള്‍ ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.
ആപ്പിളിന്റെ അടുത്ത ഐഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 18-ൽ ChatGPT ഫീച്ചറുകൾ ഉള്‍പ്പെടുത്താനുള്ള കരാറിന് ഇരുകമ്പനികളും അന്തിമരൂപം നൽകുകയാണെന്നാണ് വിവരം. ഗൂഗിളിന്‍റെ ജെമിനി ചാറ്റ്ബോട്ടിന്‍റെ ലൈസന്‍സ് എടുക്കാനുള്ള ശ്രമങ്ങളും ആപ്പിള്‍ നടത്തുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണ്‍ പത്തിന് നടക്കുന്ന ഇവന്‍റില്‍ പുതിയ AI ഫീച്ചറുകളുടെ വലിയൊരു പട്ടിക തന്നെ ആപ്പിള്‍ പ്രഖ്യാപിക്കും. ഇതിന്‍റെ ഭാഗമായി ഒരു ജനപ്രിയ ചാറ്റ്ബോട്ടിനെയും അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ല.
iOS 18 ന്റെ ഭൂരിഭാഗം എ.ഐ ഫീച്ചറുകളും ഇന്‍ ബില്‍റ്റ് ആയിരിക്കും. വേഗം വര്‍ധിപ്പിക്കാനും സ്വകാര്യത സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. ആപ്പിൾ ഡാറ്റാ സെന്‍ററുകൾ വഴി ഭാഗികമായി എഐ സേവനങ്ങള്‍ നല്‍കുമെന്ന് ഓപ്പൺഎഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.