ആപ്പിൾ ഐഫോൺ 16 സീരീസ് പുറത്തിറക്കി മണിക്കൂറുകൾക്കകം ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ് സ്മാർട്ട്‌ഫോണുമായി വാവെയ്. ഐഫോണ്‍ 16 പുറത്തിറക്കിയ ഇന്നലെ തന്നെയായിരുന്നു വാവെയ് തങ്ങളുടെ മേറ്റ് XT അൾട്ടിമേറ്റ് അവതരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെതന്ന വലിയ വിലയില്‍ എത്തുന്ന ഗാഡ്ജെറ്റിനായി 6-ഇഞ്ച് മാക്ബുക്ക് പ്രോയേക്കാൾ തുക ചിലവാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ്
മുഴുവനായി തുറന്നു കഴിഞ്ഞാല്‍ 10.2 ഇഞ്ച് വലിയ സ്‌ക്രീനുമായാണ് മേറ്റ് XT അൾട്ടിമേറ്റ് എത്തിയിരിക്കുന്നത്. ഒരു തവണ മടക്കിയാൽ സ്മാര്‍ട് ഫോണിന്‍റെ സ്ക്രീന്‍ സൈസ് 7.9 ഇഞ്ചായി കുറയും. വീണ്ടും മടക്കിയാല്‍ 6.4 ഇഞ്ചായി കുറയും. ഡിസ്‌പ്ലേ ഒന്നിലധികം ദിശകളിലേക്ക് മടക്കാനും സാധിക്കും.
മറ്റ് പ്രത്യേകതകള്‍
ട്രിപ്പിള്‍ ഫോള്‍ഡുകൂടാതെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 12 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയും പുതിയ ഗാഡ്ജെറ്റിന്‍റെ പ്രത്യേകതകളാണ്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയാണുള്ളത്.
രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഡ്യുവൽ സിം ടെക്നോളജിയാണ് സ്മാര്‍ട്ട്ഫോണിനുള്ളത്. ഫ്ലെക്സിബിൾ LTPO OLED സ്‌ക്രീനും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്കാനറുമാണ് മറ്റു പ്രത്യേകതകള്‍. 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.2, GPS, NFC, USB 3.1 ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. HarmonyOS 4.2 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിന് കരുത്ത് നൽകുന്ന ചിപ്‌സെറ്റിന്‍റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
66W വയർഡ് ചാർജിങും 50W വയർലെസ് ചാർജിങും പിന്തുണയ്ക്കുന്ന മേറ്റ് XT അൾട്ടിമേറ്റിന്‍റെ 16 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 2,35,900 രൂപയാണ് വില. 512GB, 1TB സ്റ്റോറേജ് വേരിയന്‍റുകള്‍ക്ക് യഥാക്രമം 2,59,500 രൂപ, 2,83,100 രൂപ എന്നിങ്ങനെയാണ് വിലവരുന്നത്. ഡാർക്ക് ബ്ലാക്ക്, റൂയി റെഡ് കളർ ഓപ്ഷനുകളിലാണ് മൊബൈല്‍ എത്തുന്നത്. 298 ഗ്രാമാണ് സ്മാര്‍ട്ട്ഫോണിന്‍റെ ഭാരം. സെപ്റ്റംബർ 20 മുതൽ ഗാഡ്ജെറ്റ് ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഇതുവരെ 3 ദശലക്ഷത്തിലധികം പ്രീ-ഓർഡറുകൾ നേടിയതായാണ് കമ്പനി വെബ്‌സൈറ്റിൽ പറയുന്നത്.