apple-iphone-samsung

TOPICS COVERED

ഐഫോണ്‍ 16 ലോഞ്ച് ആപ്പിള്‍ ആരാധകര്‍ കെങ്കേമമാക്കിയെങ്കിലും ആന്‍ഡ്രോയിഡ് പ്രേമികള്‍ക്ക് അത് അത്ര രസിച്ചിട്ടില്ലെന്നു തോന്നുന്നു. മുന്‍ ഹാന്‍ഡ്സെറ്റുളേക്കാള്‍ വ്യക്തമായ വ്യത്യാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് ആപ്പിള്‍ പറയുമ്പോള്‍ ഇതു തന്നെയല്ലേ അത് എന്നാണ് ഉദാഹരണങ്ങള്‍ നിരത്തിയുള്ള ആന്‍ഡ്രോയിഡ് പ്രേമികളുടെ പരിഹാസം. അതവിടെ നില്‍ക്കട്ടെ. ‌ഐഫോണ്‍ 16 ഇറങ്ങിയതിന് പിന്നാലെ വന്‍ ട്രോളുമായെത്തിയത് മറ്റാരുമല്ല ആന്‍ഡ്രോയഡ് മല്ലനായ സാംസങ്  തന്നെ.

സാംസങ് ഇത്രമാത്രമേ ചെയ്തുള്ളൂ, തങ്ങളുടെ 2022 ലെ ട്വീറ്റ് ഒന്നു റീട്വീറ്റ് ചെയ്തു. പക്ഷേ ടെക് ലോകത്ത് അത് ഒന്നൊന്നര റിട്വീറ്റ് ആയെന്നു മാത്രം. 'ഇത് മടക്കാന്‍കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കണം' എന്ന് കുറിച്ച 2022ലെ ട്വീറ്റാണ് കമ്പനി വീണ്ടും പങ്കുവച്ചത്. ഇപ്പോഴും കാത്തിരിക്കുകയാണെന്ന് കുറിച്ചാണ് സാംസങിന്‍റെ റിട്വീറ്റ്. സാസംങ് തങ്ങളുടെ ഫോള്‍ഡബിള്‍ ഹാന്‍ഡെസെറ്റായ സംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 5 ഇറക്കിയിട്ടും ഫോള്‍ഡബിള്‍‌ ഫോണുകളുടെ വിപണിയില്‍ ഐഫോണ്‍ എവിടെയും എത്തിയില്ല എന്നതാണ്  സാംസങ്ങിന്‍റെ ഒളിയമ്പ്.  അവിടെയും തീര്‍ന്നില്ല  ആപ്പിള്‍ ഇന്റലിജന്‍സിനെയും സാംസങ് നന്നായൊന്ന് ട്രോളിയുട്ടുണ്ട്. .'ഞങ്ങള്‍ നിങ്ങളുടെ എഐ പ്രതീക്ഷകള്‍ വളരെ ഉയര്‍ത്തിയിരിക്കാം' എന്നാണ് പ്രേക്ഷകരോടെന്നവണ്ണം ആപ്പിളിനെ കളിയാക്കി സാംസങ് കുറിച്ചത്.

സാസംങിന്‍റെ ട്വീറ്റിന് പിന്തുണയും വിമര്‍ശനവും ലഭിക്കുന്നുണ്ട്. 'മടക്കാം, പക്ഷേ ഒറ്റത്തവണ മാത്രം' എന്നാണ് സാംസങിനെ ട്രോളി ഒരാള്‍ കുറിച്ചത്. 'മടക്കാന്‍ സാധിക്കും, പക്ഷേ പിന്നെ നിവര്‍ത്തുമ്പോള്‍ പ്രവര്‍ത്തിക്കുമോ എന്ന് അറിയില്ല' എന്ന് മറ്റൊരു എക്സ് ഉപയോക്താവും കുറിച്ചു. 'ആപ്പിള്‍ നൂതന മാറ്റങ്ങള്‍ കൊണ്ടുവന്നിട്ട് വര്‍ഷങ്ങളായി' എന്നാണ് സാംസങിനെ പിന്തുണച്ച് മറ്റൊരാള്‍ കുറിച്ചത്.

ടെക് ലോകത്തെ ഭീമന്‍മരായ ആപ്പിളും സാംസങും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിതല്ല മറിച്ച് ഒരു ദശാബ്ദത്തോളം പഴക്കമുണ്ട് ഈ പോരിന്. അതുകൊണ്ടു തന്നെ പരസ്പരം ട്രോളാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഇരുകൂട്ടരും പാഴാക്കാറുമില്ല. മുന്‍പ് ആപ്പിള്‍ ഐഫോണ്‍15 സീരീസ് അവതരിച്ചപ്പോളും ആപ്പിളിനെ ട്രോളി സാംസങ് രംഗത്തെത്തിയിരുന്നു. 'ഒരു മാറ്റമെങ്കിലും നമുക്ക് കാണാന്‍ പറ്റുന്നുണ്ട്; അത് അതിശയകരമാണ്' എന്നാണ് അന്ന് സാംസങ് കുറിച്ചത്. ആപ്പിളിന്‍റേത് ഫോള്‍ഡബിള്‍ ഫോണുകളെല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇതിന് മുന്‍‍പും സാംസങ് രംഗത്തെത്തിയിരുന്നു.

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകളോടെയാണ് ആപ്പിള്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചത്. വലിയ ഡിസ്പ്ലേ, മികച്ച ക്യാമറ, A18 ബയോണിക് ചിപ്പിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് വഴി പുതിയൊരു ടെക് ലോകം, അള്‍ട്രാ മറൈന്‍ അടക്കം അഞ്ച് കളറുകള്‍ എന്നിങ്ങനെ നീളുന്നു ഐഫോണ്‍ 16ന്‍റെ സവിശേഷതകള്‍. ആപ്പിളില്‍ തൊട്ടാല്‍ കൈപൊള്ളില്ല എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വില കുറച്ചിട്ടുണ്ട്. ഐഫോണ്‍16– 79,990 രൂപ മുതലും 16 പ്ലസ്– 99,900 രൂപ മുതലും ലഭ്യമാണ്. 16 പ്രോ സിരീസുകള്‍ക്ക് 1,19,900 രൂപയാണ് അടിസ്ഥാനവില.

ENGLISH SUMMARY:

‘Let us know it when it folds’; Samsung trolls Apple over iPhone 16 release.